മോഹൻലാലിന് വട്ടം വെയ്ക്കാൻ ആരുമില്ല; 200 കോടിയിലേക്ക് അടുത്ത് 'തുടരും'
മലയാള സിനിമയിലെ പല ബോക്സ് ഓഫീസ് റെക്കോർഡുകളും ഈ മോഹൻലാൽ ചിത്രം തകർക്കുകയാണ്.
നല്ല കഥയും കിടിലൻ മെയ്ക്കിംഗും മതി ഒരു മോഹൻലാൽ ചിത്രത്തിന് ഷുവർ ഹിറ്റ് അടിക്കാൻ. പ്രേക്ഷകരെ തിയേറ്ററിൽ ഇരുന്ന് കൈയ്യടിപ്പിക്കാൻ സാധിച്ചാൽ ആ മോഹൻലാൽ ചിത്രം ബ്ളോക് ബസ്റ്റർ ആയി മാറുമെന്ന് ഉറപ്പ്. അത്തരത്തിൽ ഒരു മികച്ച സിനിമ കണ്ട പ്രതീതിയോടെയാണ് പ്രേക്ഷകർ തുടരും കണ്ട ശേഷം തിയേറ്റർ വിടുന്നത്. മലയാള സിനിമയിലെ പല ബോക്സ് ഓഫീസ് റെക്കോർഡുകളും ഈ മോഹൻലാൽ ചിത്രം തകർക്കുകയാണ്.
മോഹൻലാൽ-തരുൺ മൂർത്തി ആദ്യമായി ഒന്നിച്ചപ്പോൾ ലഭിച്ചത് കിടിലൻ ചിത്രം. കഴിഞ്ഞ ദിവസമായിരുന്നു സിനിമ കേരളാ ബോക്സ് ഓഫീസിലെ ടോപ് ഗ്രോസറായി മാറിയത്. ഇപ്പോൾ സിനിമ ആഗോളതലത്തിൽ മറ്റൊരു നേട്ടത്തിന് അരികിലാണെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
ആഗോളതലത്തിൽ തുടരും ഇതുവരെ 190 കോടിയിലധികം രൂപയാണ് നേടിയിരിക്കുന്നത്. അടുത്ത ദിവസം തന്നെ സിനിമ ആഗോളതലത്തിൽ 200 കോടി എന്ന സംഖ്യ മറികടക്കുമെന്നാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇതോടെ രണ്ടുമാസത്തിനിടെ 200 കോടി ക്ലബിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രമാകും തുടരും. മാർച്ച് മാസത്തിൽ പുറത്തിറങ്ങിയ എമ്പുരാനും 200 കോടി ക്ലബിൽ ഇടം നേടിയിരുന്നു. നാല് 100 കോടി ചിത്രങ്ങളാണ് മോഹൻലാലിന്റെ കയ്യിലുള്ളത്.
അതേസമയം തുടരും എന്ന സിനിമയുടെ തമിഴ് പതിപ്പും റിലീസ് ചെയ്തിട്ടുണ്ട്. 'തൊടരും' എന്നാണ് തമിഴ് പതിപ്പിന്റെ പേര്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്നത്. മോഹൻലാൽ നന്നായി അഭിനയിച്ചിട്ടുണ്ടെന്നും സിനിമയുടെ സെക്കന്റ് ഹാഫ് നല്ല മാസായിട്ടുണ്ടെന്നുമാണ് അഭിപ്രായങ്ങൾ. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ തമിഴ് ഡബ്ബിങ് നന്നായിരിക്കുന്നെന്നും അഭിപ്രായങ്ങളുണ്ട്.