പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. 'ഡീയസ് ഈറേ' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. മരിച്ചവര്‍ക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിന്‍ ഗീതമാണ് ഇത്. ഡീയസ് ഈറേ എന്ന പേരില്‍ ഒരു ജാപ്പനീസ് ആനിമേഷന്‍ ടെലിവിഷന്‍ ഷോയുമുണ്ട്. ക്രോധത്തിന്റെ ദിനം എന്ന അര്‍ത്ഥം വരുന്ന ദി ഡേ ഓഫ് റാത്ത് എന്ന ടാഗ് ലൈനും ചിത്രത്തിന്റെ ടൈറ്റിലിനൊപ്പമുണ്ട്.
'ദി ഡേ ഓഫ് റോത്ത്' എന്ന് ടാഗ് ലൈൻ നൽകിയിരിക്കുന്ന സിനിമ സംവിധായകന്റെ മുൻസിനിമകൾ പോലെ വ്യത്യസ്തമായ ഴോണറിലായിരിക്കും കഥ പറയുക എന്ന സൂചനയാണ് നൽകുന്നത്. ഭൂതകാലം, ഭ്രമയുഗം എന്നീ ഹിറ്റ് ഹൊറര്‍ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തിയായിരുന്നു.
ഭ്രമയുഗം നിര്‍മ്മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 35 ദിവസം എടുത്താണ് രാഹുല്‍ സദാശിവന്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷം അവസാനത്തോടെയാകും ചിത്രം തിയേറ്ററുകളില്‍ എത്തുക. ഫീല്‍ ഗുഡ്, ആക്ഷന്‍ ഴോണറികളിലാണ് പ്രണവ് മോഹന്‍ലാല്‍ ഇതുവരെ അഭിനയിച്ചിട്ടുള്ളത്. നടന്റെ കരിയറിലെ വ്യത്യസ്തമായ ചിത്രവും പെര്‍ഫോമന്‍സുമായിരിക്കും ഇതെന്നാണ് സൂചനകള്‍.