മലയാളത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട സിനിമയാണ് ജിയോ ബേബി സംവിധാനം ചെയ്ത് നിമിഷ സജയന്‍ കേന്ദ്രകഥാപാത്രമായെത്തിയ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമ. സിനിമയ്ക്ക് തമിഴ് റീമേയ്ക്ക് നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ബോളിവുഡ് റീമെയ്ക്കായ മിസിസ് ബോളിവുഡില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
സന്യ മല്‍ഹോത്ര പ്രധാനകഥാപാത്രമായെത്തിയ സിനിമ നേരിട്ട് ഒടിടിയിലാണ് റിലീസ് ചെയ്തത്. സിനിമ പുറത്തിറങ്ങിയതോടെ വലിയ ചര്‍ച്ചയാണ് സിനിമയ്ക്ക് ചുറ്റും നടക്കുന്നത്. സിനിമ ഫെമിനിസ്റ്റ് ഗെയിം കളിക്കുകയാണെന്നും പച്ചക്കറി അരിയുമ്പോള്‍ എന്ത് സമ്മര്‍ദ്ദമാണ് സ്ത്രീകള്‍ അനുഭവിക്കുന്നതെന്നുമുള്ള ചോദ്യവുമായി പുരുഷാവകാശ സംഘടനയായ സേവ് ഇന്ത്യന്‍ ഫാമിലി ഫൗണ്ടേഷനാണ് സിനിമക്കെതിരെ രംഗത്ത് വന്നത്.
പച്ചക്കറി അരിയുന്നതിലും പാചകം ചെയ്യുന്നതിലും കയ്യുറ ഉപയോഗിച്ച് പാത്രം കഴുകുന്നതിലും സ്ത്രീകള്‍ക്ക് എന്താണ് പ്രശ്‌നമുള്ളത്. സത്യത്തില്‍ പാചകമെന്നാല്‍ ഒരു ധ്യാനമാണെന്ന് സംഘടന എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. അതേസമയം വലിയ വിമര്‍ശനമാണ് പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇങ്ങനെ പറയുന്നവര്‍ ഒരാഴ്ചയെങ്കിലും അടുക്കള പണി ചെയ്യണമെന്നും അതില്‍ സന്തോഷം കണ്ടെത്താനാവുന്നെങ്കില്‍ ആ പണി തുടരുമെന്നും കമന്റില്‍ ഒരാള്‍ പറയുന്നു. സ്ത്രീകള്‍ അടുക്കളയില്‍ മാത്രം ഒതുങ്ങേണ്ടവരാണെന്ന് കരുതുന്ന ഒരു വിഭാഗം പുരുഷന്മാരെ മിസിസ് പ്രകോപിപ്പിക്കുമെന്ന് ഉറപ്പാണെന്നും ചിലര്‍ പറയുന്നു. അതേസമയം സംഘടനയെ അനുകൂലിച്ച് സംസാരിക്കുന്നവരും ഏറെയാണ്.