മമ്മൂട്ടിയും രമേഷ് പിഷാരടിയും തമ്മിലുള്ള സൗഹൃദം അടുത്ത് ഉടലെടുത്തതാണ്. മമ്മൂട്ടി നടത്തുന്ന യാത്രകളിലും ചടങ്ങുകളിലുമെല്ലാം രമേഷ് പിഷാരടിയും ഒപ്പമുണ്ടാകും. അടുത്തിടെ അന്തരിച്ച സാഹിത്യകാരനും മമ്മൂട്ടിയുടെ പ്രിയപ്പെട്ട ഗുരുവുമായ എം.ടി വാസുദേവൻ നായരുടെ വീട് സന്ദർശിക്കാൻ പോയപ്പോൾ മമ്മൂട്ടി ഒപ്പം കൂട്ടിയ ചുരുക്കം ചിലരിൽ ഒരാൾ രമേഷ് പിഷാരടിയായിരുന്നു.
ഇരുവരുടേയും സൗഹൃദത്തെ കുറിച്ച് പ്രചരിക്കുന്ന മറ്റൊരു കഥ മമ്മൂട്ടിയുടെ ബിനാമിയായിരിക്കും ഒരുപക്ഷെ രമേഷ് പിഷാരടി എന്നതാണ്. മമ്മൂട്ടിയുടെ കൂടെ പിഷാരടി വലിഞ്ഞുകയറി വരുന്നതെങ്ങാനും ആണോ എന്ന ചോദ്യവും ഉയരാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുമായുള്ള സൗഹൃദത്തിന് പിന്നിലെ കാരണമെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രമേഷ് പിഷാരടി. സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പിഷാരടി.
മമ്മൂട്ടിക്കൊപ്പം വലിഞ്ഞ് കയറിപോകുന്നതല്ലെന്നാണ് നടൻ പ്രതികരിച്ച് പറഞ്ഞത്. അത്തരത്തിൽ വലിഞ്ഞ് കയറി ചെല്ലാൻ പറ്റുന്ന ഒരു സ്ഥലമല്ല അതെന്നും പിഷാരടി പറയുന്നു. വലിഞ്ഞ് കയറിപോകാൻ പറ്റുമോ?. ഒന്ന് പോയി കാണിക്കൂ... ഒരാൾ ഒരാളോട് നന്നായിട്ട് പെരുമാറിയാൽ സംശയത്തോടെ നോക്കുന്ന കാലമാണിത്. നമ്മൾ കാണുന്ന പല സൗഹൃദങ്ങളിലും ഇതിൽ എന്താണ് ലാഭം എന്നാണ് ആളുകൾ ചിന്തിക്കുന്നത്. അത്തരത്തിൽ എന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുന്നവർക്ക് ഉത്തരങ്ങൾ കിട്ടുന്നുണ്ടാകും. എന്നാൽ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ ഇവർക്ക് ഒരു ഉത്തരം കിട്ടുന്നതുമില്ല. ഞ
ങ്ങളുടെ പ്രൊഫൈലുകൾ തമ്മിൽ മാച്ചാകാത്തതുകൊണ്ടാകും ഇതിനെ ഒരു സംശയത്തോടെ നോക്കി കാണുന്നത്. ഇങ്ങനെ സംഭവിക്കുമെന്ന് പതിനഞ്ച് കൊല്ലം മുമ്പ് എനിക്കും അറിയില്ലല്ലോ. ഇപ്പോൾ എട്ട് കൊല്ലമായി. സത്യത്തിൽ ചോദ്യത്തിന് പ്രസക്തിയുള്ള ഒരു കാര്യം പോലും അവിടെ സംഭവിക്കുന്നില്ല. ഞാൻ അദ്ദേഹത്തിന്റെ ബിനാമിയാണെന്ന് പോലും പറയുന്ന ചിലരുണ്ട്. പക്ഷെ ഞാൻ മമ്മൂട്ടി കമ്പനിയുടെ ഒരു സിനിമയിൽ പോലും ഇല്ല. എല്ലാ ഷെഡ്യൂളിലും ലൊക്കേഷനിൽ പോയിട്ടുള്ളയാളാണ്.
ഞാൻ അദ്ദേഹത്തെ വെച്ച് സംവിധാനം ചെയ്ത രണ്ട് സിനിമയിലും ഞാൻ അഭിനയിച്ചിട്ടില്ല. ഗാനഗന്ധർവനിൽ ഒരു വേഷം ഉണ്ടായിരുന്നു. വേറെ ആരെയും വിളിക്കാതെ നിനക്ക് തന്നെ ചെയ്തൂടേയെന്ന് മമ്മൂക്ക തന്നെ എന്നോട് ചോദിച്ചിട്ടുണ്ട്. പക്ഷെ ഞാൻ ചെയ്തിട്ടില്ല. വെറുതെ എന്തെങ്കിലുമൊക്കെ പറയാൻ വേണ്ടി ചോദിക്കുന്നതല്ല ആളുകൾ... അവർ ചോദിക്കട്ടെ. ഞാനും ധർമനും ഇരുപത് വർഷം ഒന്നിച്ച് നടന്നിട്ടും ആരും ചോദിച്ചിട്ടില്ലാ നിങ്ങൾ എന്താണ് എപ്പോഴും ഒന്നിച്ച് നടക്കുന്നതെന്ന്.
നമ്മുടെയൊക്കെ ഓർമ തുടങ്ങുന്ന സ്ഥലത്ത് മമ്മൂക്ക അടക്കമുള്ളവർ പർവ്വതം പോലെ നിൽക്കുന്നുണ്ട്. അങ്ങനെ ഓർമകൾ തുടങ്ങുന്ന ഇടത്ത് കണ്ടയാളിനെ കാണാൻ പോകാൻ അവസരം കിട്ടി. പഴയ സിനിമ അനുഭവങ്ങൾ എല്ലാം അടുത്ത് നിന്ന് കേട്ടും ചോദിച്ചും മനസിലാക്കാൻ പറ്റുന്നു. ഞാൻ എൻറെ ഇഷ്ടം ചെയ്യുന്നതെയുള്ളു. ഭരണഘടന വിരുദ്ധമല്ലല്ലോ. കുട്ടികാലത്ത് ദൂരെ നിന്ന് കണ്ട മമ്മൂട്ടിയെ കാണാനും കൂടെ നടക്കാനും കഴിഞ്ഞത് വലിയ കാര്യമാണ്. അദ്ദേഹം ഒരു ടൂറിസ്റ്റ് സ്പോട്ടാണ്. ഇപ്പോൾ അദ്ദേഹത്തിനൊപ്പം സമയം ചിലവഴിക്കാൻ പറ്റുന്നത് വലിയ കാര്യമാണ്. മമ്മൂട്ടിയെ വെച്ച് ഞാൻ ഇനിയും സിനിമ ചെയ്യുന്നുണ്ടെന്നുമാണ് രമേഷ് പിഷാരടി പറഞ്ഞത്.