ഭാവി തലമുറയ്ക്ക് സനാതന ധര്‍മമെന്തെന്ന് അഖണ്ഡ 2 - താണ്ഡവം എന്ന സിനിമയിലൂടെ അറിയാന്‍ സാധിക്കുമെന്ന് തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണ(ബാലയ്യ). ചെന്നൈയില്‍ നടന്ന സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെ സംസാരിക്കവെയാണ് ബാലകൃഷ്ണ ഇക്കാര്യം പറഞ്ഞത്. ആന്ധ്രാപ്രദേശിലെ ഹിന്ദുപുര്‍ മണ്ഡലത്തില്‍ നിന്നുള്ള തെലുങ്ക് ദേശം എംഎല്‍എ കൂടിയാണ് ബാലയ്യ.
സനാതന ധര്‍മമെന്തെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഭാവി തലമുറ അഖണ്ഡ 2 വിലൂടെയാകും സനാതന ധര്‍മത്തെ കുറിച്ച് പഠിക്കുക. സിനിമ ആശയങ്ങള്‍ കൈമാറാനുള്ള ശക്തമായ മാധ്യമം കൂടിയാണ്. ഇതുപോലൊരു സിനിമ കണ്ടാല്‍ ആളുകള്‍ക്ക് സമാധാനം ലഭിക്കും. ഭാവി തലമുറയ്ക്ക് സനാതന ധര്‍മത്തെ പറ്റി പഠിക്കാനും സാധിക്കും. ബാലയ്യ പറഞ്ഞു.
സിനിമയില്‍ എന്റെ കഥാപാത്രം സത്യത്തിനായും അനീതിക്കെതിരെയും പോരാടുന്ന കഥാപാത്രമാണ്. എന്റെ കഥാപാത്രം സനാതന ധര്‍മത്തെ പ്രതിനിധീകരിക്കുന്നു. ഈ സിനിമ അതിന്റെയൊരു സര്‍വവിജ്ഞാനകോശമാണ്. എല്ലാവരും സിനിമ കാണണം. ബാലകൃഷ്ണ പറഞ്ഞു. സൂപ്പര്‍ ഹിറ്റായ അഖണ്ഡ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് അഖണ്ഡ 2. മലയാളി താരം സംയുക്തയാണ് സിനിമയിലെ നായിക.