Naslen Gafoor: 'ആസിഫിക്കയേക്കാൾ കൂടുതൽ പൈസ ചോദിച്ചുവെന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി': സൈബർ ആക്രമണങ്ങളോട് നസ്ലെൻ
പുതിയ സിനിമയായ ലോകയുടെ പ്രൊമോഷന്റെ തിരക്കിലാണ് നസ്ലൻ.
അടുത്തിടെ യുവനടൻ നസ്ലെന് നേരെ സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണവും നിരവധി വ്യാജ ആരോപണങ്ങളും ഉയർന്നിരുന്നു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് പ്രതികരിക്കുകയാണ് നടൻ ഇപ്പോൾ. താൻ ഇതിലൊന്നും കൂടുതൽ ആകുലപ്പെടാറില്ലെന്നും സിനിമ മറുപടി നൽകുമെന്നുമാണ് നസ്ലെൻ പറയുന്നത്. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നസ്ലെന്റെ പ്രതികരണം.
പുതിയ സിനിമയായ ലോകയുടെ പ്രൊമോഷന്റെ തിരക്കിലാണ് നസ്ലൻ. ആസിഫ് അലി നായകനായ ടിക്കി ടാക്ക, മോളിവുഡ് ടൈംസ് തുടങ്ങിയ സിനിമകളിൽ നിന്നും നസ്ലെനെ പുറത്താക്കിയെന്നും താരം കൂടുതൽ പ്രതിഫലം ചോദിച്ചുവെന്നുമെല്ലാമായിരുന്നു പ്രചരണങ്ങൾ. നസ്ലെനെതിരെ സംഘടിതമായൊരു ആക്രമണം തന്നെയായിരുന്നു നടന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചരണങ്ങൾ.
'സർക്കാസം ആണെന്നാണ് ഞാനും ആദ്യം കരുതിയത്. രണ്ട് ദിവസം കഴിഞ്ഞാണ് അത് അങ്ങനെ അല്ല എന്ന് മനസിലായത്. പലതും റൂമറുകളാണ്. ടിക്കി ടാക്കയിൽ നിന്നും എന്നെ പുറത്താക്കിയെന്നാണ് പറഞ്ഞത്. ടിക്കി ടാക്കയിൽ ജോയിൻ ചെയ്യാൻ രണ്ട് ദിവസമുള്ളപ്പോഴാണ് ഞാനിത് കാണുന്നത്. ആസിഫിക്കയേക്കാൾ കൂടുതൽ പ്രതിഫലം ചോദിച്ചുവെന്നൊക്കെയാണ് പറഞ്ഞത്. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. ആൾക്കാർക്ക് തോന്നുന്ന കാര്യങ്ങൾ എഴുതി വിടുന്നതാകും. പറഞ്ഞിട്ട് കാര്യമില്ല.
ഞാൻ കമന്റുകൾ വായിക്കാറില്ല. ഇതിലൊന്നും ചെയ്യാനില്ല. ഓരോരുത്തരും അവരുടെ ഭാവനയിൽ എഴുതി വിടുകയാണ്. അതിൽ നമ്മൾക്കൊന്നും പറയാനില്ല. നമ്മൾ നമ്മളുടെ ജോലിയിൽ ശ്രദ്ധിക്കുക. ടിക്കി ടാക്കയുടെ റൂമർ ഞാൻ പടത്തിൽ ജോയിൻ ചെയ്തുവെന്ന കാര്യം പോസ്റ്റ് ചെയ്തതോടെ തീർന്നു. അതുപോലെ തന്നെയാണ് എല്ലാം. പടം പേസട്ടും എന്നാണ് പറയാനുള്ളത്', എന്നും നസ്ലെൻ പറയുന്നു.