മലയാളത്തിലെ യുവനടന്മാരില് ഏറ്റവുമധികം ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്മാന്. കരിയറിന്റെ തുടക്കകാലത്ത് മലയാളത്തില്‍ ഒട്ടെറെ ഹിറ്റ് സിനിമകള്‍ നല്കാന് കഴിഞ്ഞെങ്കിലും മലയാള സിനിമയില്‍ നിലവില്‍ അത്ര സജീവമല്ല ദുല്‍ഖര്‍. തമിഴിന് പുറമെ ഹിന്ദിയിലും തെലുങ്കിലും സ്വീകാര്യനായതോടെ അന്യഭാഷ സിനിമകളുടെ തിരക്കുകളിലാണ് താരം. 2021ല്‍ പുറത്തിറങ്ങിയ കുറുപ്പ് എന്ന സിനിമയ്ക്ക് ശേഷം കിംഗ് ഓഫ് കൊത്ത എന്ന സിനിമ മാത്രമാണ് ദുല്‍ഖര്‍ മലയാളത്തില്‍ ചെയ്തത്. കഴിഞ്ഞവര്‍ഷം ഇറങ്ങിയ സിനിമയ്ക്ക് പക്ഷേ ബോക്സോഫീസില്‍ വിജയിക്കാനും സാധിച്ചിരുന്നില്ല.
കിംഗ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം മലയാളത്തില്‍ ദുല്‍ഖര്‍ സിനിമകള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിനമായ ഇന്ന് പുതിയ മലയാള സിനിമയുടെ പ്രഖ്യാപനമുണ്ടാകുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും പുതുതായി ചെയ്യാനിരിക്കുന്ന തെലുങ്ക് സിനിമയുടെ പ്രഖ്യാപനം മാത്രമാണ് പുറത്തുവന്നത്. തെലുങ്ക് സിനിമയില്‍ ഏറെ ശ്രദ്ധ നേടിയ പവന് സാദിനേനി ഒരുക്കുക്ക ആകാശം ലോ ഒക താര എന്ന സിനിമയാണ് ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിച്ചത്.
തെലുങ്കില്‍ മഹാനടി,സീതാരാമം,കല്‍ക്കി തുടങ്ങിയ സിനിമകളില്‍ ഭാഗമായിട്ടുള്ള ദുല്‍ഖര്‍ സല്മാന് വലിയ രീതിയിലുള്ള ആരാധകര്‍ തെലുങ്കിലുണ്ട്. തെലുങ്കില്‍ വെങ്ക് അട്ലൂരി സംവിധാനം ചെയ്യുന്ന ലക്കി ഭാസ്കര്‍ എന്ന സിനിമയാണ് ദുല്‍ഖറിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. പിരീഡ് ഡ്രാമയായി ഇറങ്ങുന്ന സിനിമയില്‍ ഒരു ബാങ്ക് കാഷ്യറുടെ വേഷമാണ് ദുല്‍ഖര്‍ ചെയ്യുന്നത്. മീനാക്ഷി ചൗധരിയാണ് സിനിമയില്‍ ദുല്‍ഖറിന്റെ നായികയാവുന്നത്.