Onam Releases in Malayalam: ഇത്തവണ ഓണം പൊടിപൂരം; ഫഹദോ മോഹന്‍ലാലോ? സര്‍പ്രൈസ് ഹിറ്റടിക്കാന്‍ 'ബാള്‍ട്ടി'
സോനു ടി.പിയുടെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തിരിക്കുന്ന 'ഹൃദയപൂര്‍വ്വം' ഒരു ഫാമിലി എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്നാണ് വിവരം
Onam Releases in Malayalam: ഇത്തവണ ഓണം കളറാക്കാന്‍ മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം ചിത്രങ്ങള്‍. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന 'ഹൃദയപൂര്‍വ്വം' ആണ് ഓണം റിലീസായി ആദ്യമെത്തുന്ന മലയാള ചിത്രം.
സോനു ടി.പിയുടെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തിരിക്കുന്ന 'ഹൃദയപൂര്‍വ്വം' ഒരു ഫാമിലി എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്നാണ് വിവരം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. റിലീസ് ഓഗസ്റ്റ് 28 ന്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യന്‍ (കഥ), അനൂപ് സത്യന്‍ (അസോസിയേറ്റ് ഡയറക്ടര്‍) എന്നിവരും ഹൃദയപൂര്‍വ്വത്തിന്റെ ഭാഗമാണ്. അനു മൂത്തേടത്താണ് ക്യാമറ. സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍. മാളവിക മോഹനന്‍, സംഗീത് പ്രതാപ്, സംഗീത, സിദ്ദിഖ്, ലാലു അലക്സ്, നിഷാന്‍, ബാബുരാജ്, ജനാര്‍ദ്ദനന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഫഹദ് ഫാസിലിനെ നായകനാക്കി അല്‍ത്താഫ് സലിം സംവിധാനം ചെയ്തിരിക്കുന്ന 'ഓടും കുതിര ചാടും കുതിര' ഓഗസ്റ്റ് 29 നു റിലീസ് ചെയ്യും. കല്യാണി പ്രിയദര്‍ശന്‍ ആണ് നായിക. കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രമായതിനാല്‍ 'ഹൃദയപൂര്‍വ്വ'ത്തിനൊപ്പം 'ഓടും കുതിര ചാടും കുതിര'യും കുടുംബ പ്രേക്ഷകരുടെ ഫസ്റ്റ് ചോയ്സായിരിക്കും. അല്‍ത്താഫിന്റേത് തന്നെയാണ് തിരക്കഥ. ക്യാമറ ജിന്റോ ജോര്‍ജ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്.
ഉണ്ണി ശിവലിംഗം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഷെയ്ന്‍ നിഗം ചിത്രം 'ബാള്‍ട്ടി' ഓഗസ്റ്റ് 29 നു തന്നെ റിലീസ് ചെയ്യും. ഇതൊരു സ്‌പോര്‍ട്‌സ് ഴോണറില്‍ ഉള്‍പ്പെടുന്ന സിനിമയാണ്. സായ് അഭയശങ്കര്‍ ആണ് സംഗീതം. ക്യാമറ അലക്‌സ് പുളിക്കല്‍.
ഇത്തവണ ഓണത്തിനു മമ്മൂട്ടി ചിത്രമില്ല. നവാഗതനായ ജിതിന്‍ കെ ജോസ് ഒരുക്കിയ 'കളങ്കാവല്‍' ഓണത്തിനു റിലീസ് ചെയ്യാന്‍ ആലോചിച്ചിരുന്നെങ്കിലും സാധിക്കില്ല. ഒക്ടോബര്‍ അവസാനത്തോടെയാകും കളങ്കാവല്‍ എത്തുക. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചെന്നൈയില്‍ വിശ്രമത്തില്‍ കഴിയുന്ന മമ്മൂട്ടി തിരിച്ചെത്തിയ ശേഷം കളങ്കാവല്‍ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കും. മമ്മൂട്ടി എത്തിയ ശേഷമായിരിക്കും റിലീസ് ഡേറ്റ് പുറത്തുവിടുക.