Jailer 2: ജയിലർ 2 വിൽ നിറഞ്ഞ് സൂപ്പർതാരങ്ങൾ; മോഹൻലാലിന് പിന്നാലെ ഷാരൂഖ് ഖാനും നാഗാർജുനയും?
ജയിലർ 2 വിന്റെ വർക്കുകൾ പുരോഗമിക്കുകയാണിപ്പോൾ.
കൂലിയുടെ വിജയത്തിളക്കത്തിലാണിപ്പോൾ നടൻ രജനികാന്ത്. രജനികാന്തിന്റെ അടുത്ത ചിത്രം ജയിലർ 2 ആണ്. നെൽസൺ ദിലീപ്കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയിലർ 2 വിന്റെ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാ ലോകവും.
ജയിലർ 2 വിന്റെ വർക്കുകൾ പുരോഗമിക്കുകയാണിപ്പോൾ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ഷാരൂഖ് ഖാൻ അതിഥി വേഷത്തിലെത്തുമെന്ന് സൂചന. അതോടൊപ്പം നടൻ സന്താനവും ചിത്രത്തിലുണ്ടാകുമെന്നും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോമഡി വേഷത്തിലായിരിക്കും ജയിലറിൽ സന്താനമെത്തുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതേസമയം നാഗാർജുന അക്കിനേനിയും 'ജയിലർ 2' ൽ ഒരു പ്രധാന വേഷത്തിൽ എത്തുമെന്നും വിവരമുണ്ട്. നാഗാർജുനയുമായി അണിയറപ്രവർത്തകർ ചർച്ചയിലാണെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2023ൽ പുറത്തിറങ്ങിയ ജയിലറിന്റെ തുടർച്ചയാണ് ജയിലർ 2. ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രജനികാന്ത് എത്തിയത്.
രജനികാന്തിനെ കൂടാതെ, ചിത്രത്തിൽ മോഹൻലാൽ, ശിവ രാജ്കുമാർ, ജാക്കി ഷറ്ഫ് തുടങ്ങിയ അഭിനേതാക്കൾ അതിഥി വേഷങ്ങളിലെത്തിയിരുന്നു. ജയിലർ രണ്ടാം ഭാഗത്തിലും ഇതേ താരങ്ങൾ തന്നെ അതിഥി വേഷത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം രണ്ടാം ഭാഗത്തിൽ നന്ദമൂരി ബാലകൃഷ്ണയും അതിഥി വേഷത്തിലുണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.