നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന് 2 ലക്ഷം രൂപ പിഴയിട്ട് മുന്‍സിഫ് കോടതി വിധി. കൊടുങ്ങല്ലൂര്‍ അസ്മാബി കോളേജ് അധ്യാപികയായ പ്രിന്‍സി ഫ്രാന്‍സിസ് നല്‍കിയ പരാതിയിലാണ് നടപടി. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഒപ്പം എന്ന സിനിമയില്‍ തന്റെ ഫോട്ടോ അനുവാദമില്ലാതെ ഉപയോഗിച്ച് എന്ന് കാണിച്ചാണ് പരാതിക്കാരി പരാതി നല്‍കിയത്.
പരാതിക്കാരിക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവായി 1,68,000 രൂപയും നല്‍കാനാണ് ചാലക്കുടി മുന്‍സിഫ് കോടതിയുടെ വിധി. ഒപ്പം സിനിമയിലെ 29മത്തെ മിനിറ്റില്‍ അനുശ്രീയുടെ പോലീസ് കഥാപാത്രം ക്രൈം ഫയല്‍ മറിച്ച് നോക്കുന്ന രംഗത്തില്‍ ഒരു സ്ത്രീയുടെ ചിത്രം കാണിക്കുന്നുണ്ട്. ക്രൂരമായി കൊലചെയ്യപ്പെട്ട യുവതിയുടെ ചിത്രം എന്ന നിലയിലാണ് പ്രിന്‍സി ഫ്രാന്‍സിന്റെ ഫോട്ടോ ഉപയോഗിച്ചത്. എന്നാല്‍ തന്റെ ഫോട്ടോ അനുവാദമില്ലാതെ തന്റെ വ്‌ലോഗില്‍ നിന്നും എടുക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. ഇതേ തുടര്‍ന്ന് 2017ലാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
സിനിമയില്‍ നിന്നും ഈ ഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് സിനിമാ പ്രവര്‍ത്തകര്‍ തയ്യാറായില്ല. ഈ കേസിലാണ് നിര്‍മാതാക്കള്‍ക്കെതിരെ ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.