Publish Date: Thu, 31 Dec 2020 (11:11 IST)
Updated Date: Thu, 31 Dec 2020 (11:12 IST)
വർഷങ്ങൾക്ക് ശേഷം നവ്യ നായർ തിരിച്ചെത്തുന്ന മലയാള സിനിമയാണ് ഒരുത്തീ. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ സെൻസറിംഗ് നടപടികൾ പൂർത്തിയായി. ക്ലീൻ 'യു' സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. നവ്യയ്ക്കൊപ്പം തന്നെ തുല്യപ്രാധാന്യമുള്ള പോലീസ് കഥാപാത്രമായാണ് വിനായകൻ ചിത്രത്തിലെത്തുന്നത്. 2012-ൽ പുറത്തിറങ്ങിയ സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിനുശേഷം നവ്യാനായർ ഗംഭീര തിരിച്ചുവരവ് നടത്തുന്ന ചിത്രമായിരിക്കും ഇത്.
അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമായിരുന്നു. തീയറ്ററുകൾ തുറന്നാൽ റിലീസിന് എത്തുന്ന ചിത്രങ്ങളുടെ കൂട്ടത്തിൽ ഒരുത്തീയും ഉണ്ടാകും. സാധാരണക്കാരിയായ വീട്ടമ്മയായി നവ്യ എത്തുമ്പോൾ സൈജു കുറുപ്പാണ് നടിയുടെ ഭർത്താവായി അഭിനയിക്കുന്നത്. രാധാമണി എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് ഒരുത്തീ പറയുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രത്തിന്റെ നിർമ്മിക്കുന്നത്.
എസ് സുരേഷ് ബാബുവിന്റേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ജിംഷി ഖാലിദ് ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിംഗും നിർവഹിക്കുന്നു.