ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ദിവസം തന്നെ തേടി സിനിമയിലേക്ക് വിളി വന്നതിന്റെ ത്രില്ല് ഇപ്പോഴും ശ്രീകുമാര്‍ വി മേനോന്റെ മനസ്സിലുണ്ട്. മകന്‍ വഴി സിനിമയിലേക്ക് അവസരം തേടിയെത്തിയ ഒരു അച്ഛന്റെ സന്തോഷം. സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെന്നോ എന്താണെന്നോ ഒന്നും നോക്കാതെ കിട്ടിയ അവസരം ഉപയോഗിക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു അദ്ദേഹം. ഫോട്ടോഗ്രാഫര്‍ കൂടിയായ ശ്രീകുമാര്‍ ഒറ്റ് എന്ന സിനിമയിലേക്ക് എത്തിയതിന് പിന്നിലെ രസകരമായ അനുഭവം വായിക്കാം.
ശ്രീകുമാര്‍ വി മേനോന്റെ കുറിപ്പ്
തീരെ പ്രതീക്ഷിക്കാതെ ഒരു ദിവസം ഏതാണ്ട് ഒന്നൊന്നര വര്‍ഷം മുന്‍പ് എന്റെ മകന്‍ Krrish S Kumar ഫോണില്‍ വിളിച്ച് 'അച്ഛാ, അഖില്‍ Akhil Raj വിളിക്കും ഒരു സിനിമയുടെ കാര്യം പറയാനാണ്. ഞാന്‍ അച്ഛന്റെ നമ്പര്‍ കൊടുത്തിട്ടുണ്ട്'. എന്ന് പറയുമ്പോള്‍ ഒരു സിനിമ പേക്ഷകന്‍ എന്നതില്‍ കവിഞ്ഞ ഒരു ബന്ധവും സിനിമയുമായില്ലാത്ത എന്നോട് ഇയാള്‍ക്കെന്ത് പറയാന്‍ എന്നാലോചിച്ചിരിക്കുമ്പോള്‍ അധികം താമസിയാതെ തന്നെ അഖിലിന്റെ വിളി വന്നു. അങ്കിളെ ഞാന്‍ വിളിച്ചത് ഒരു സിനിമയില്‍ ഒരു ചാന്‍സ് ഉണ്ടെന്നു പറയാനാണ്. കുറച്ചു ഫോട്ടോസ് ഉടനെ അയച്ചു തരണം. എന്റെയോ? എന്നാശ്ചര്യത്തോടെ ഞാന്‍ ചോദിച്ചു. അതെ ഉടനെ വേണം എന്ന് അഖിലിന്റെ മറുപടി. എന്തായാലും വരുന്നത് വരട്ടെ എന്ന് കരുതി കുറച്ചു പടങ്ങള്‍ അയച്ചു കൊടുത്തു. രണ്ട് ദിവസം കഴിഞ്ഞു അഖില്‍ വീണ്ടും വിളിച്ചു. ഒറ്റ് എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു നേരത്തെ വിളിച്ചു ഫോട്ടോ ചോദിച്ചതെന്നും അതില്‍ ഞാന്‍ സെലക്ട് ആയി എന്നും പറഞ്ഞപ്പോള്‍ കുറച്ച് നേരത്തേക്ക് എന്ത് പറയണം എന്നറിയാതെ പകച്ചു നിന്ന് പോയി. ഇന്ന് തന്നെ മറുപടി പറയണം എന്നും പറഞ്ഞു. എന്തായാലും വീട്ടുകാരോടും അടുത്ത സുഹൃത്തുക്കളോടും ആലോചിച്ചു എന്നാല്‍ അങ്ങിനെ ആവട്ടെ എന്നൊരു മറുപടിയും കൊടുത്തു. ഇതില്‍ ആരൊക്കെ അഭിനയിക്കുന്നുവെന്നോ ആരാണ് സംവിധാനം എന്നോ ആരാണ് പ്രൊഡ്യൂസര്‍ എന്നോ ഒന്നും ചോദിച്ചില്ല. പിന്നീടൊരു ദിവസം ഷൂട്ടിംഗ് ഗോവയില്‍ ആണെന്നും ടിക്കറ്റ് അയക്കാമെന്നും അഖില്‍ പറഞ്ഞ പോലെ തന്നെ ടിക്കറ്റ് വന്നു. അപ്പോഴാണ് ഇതില്‍ ചാക്കോച്ചന്‍ Kunchacko Boban ആണ് നായകനെന്നും കൂടെ അരവിന്ദ് സ്വാമിയും അതുപോലെ മുന്‍നിരയില്‍ നില്‍ക്കുന്ന നടീ നടന്മാരും തീവണ്ടി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഫെല്ലിനി Fellini Tp ആണ് ഇതിന്റെ സംവിധായകനെന്നും ഓഗസ്റ്റ് ഫിലിംസ് ആണ് നിര്‍മാണം എന്നൊക്കെ അഖില്‍ തന്നെ പറഞ്ഞത്.
എന്തായാലും ഈശ്വരന്റെ അനുഗ്രഹം കൊണ്ടും ഇതിലെ മറ്റു ടീമിന്റെ സപ്പോര്‍ട്ട് ആവശ്യത്തിലധികം ഉണ്ടായതിനാലും എന്നാല്‍ ആയ പോലെയൊക്കെ ഇതിന്റെ ഒരു ഭാഗമാകാന്‍ സാധിച്ചു.
എല്ലാവരോടും ഉള്ള എന്റെ സ്‌നേഹവും സന്തോഷവും നന്ദിയും കടപ്പാടും ഇവിടെ അറിയിക്കുന്നു. എന്റെ ഈ ആദ്യത്തെ സിനിമ സുഹൃത്തുക്കള്‍ കണ്ട് ഈ അഭിനയം എനിക്ക് പറ്റിയ പണിയാണോ എന്ന് ഒരഭിപ്രായം പറയണം എന്നഭ്യര്‍ത്ഥിക്കുന്നു. ഇതേ ദിവസം തന്നെ ഇതിന്റെ തമിഴ് രെണ്ടഗവും റിലീസ് ആണ്.