നടി ഹുമൈറ അസ്ഗറിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കം, അഴുകി തുടങ്ങിയ നിലയിൽ
അഴുകിതുടങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പാകിസ്ഥാനി നടി ഹുമൈറ അസ്ഗറിനെ കറാച്ചിയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നടി താമസിക്കുന്ന എത്തിഹാദ് കൊമേഴ്സ്യൽ ഏരിയയിലെ ഫേസ് 6ലെ അപ്പാർട്ട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അഴുകിതുടങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഏഴ് വർഷമായി നടി ഇവിടെ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. ഫ്‌ലാറ്റിനകത്ത് നിന്നും ദുർഗന്ധം വമിച്ചതിനാലും ഒരനക്കവും കേൾക്കാത്തതിനാലും സംശയം തോന്നിയ അയൽവാസികൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് നടിയുടെ മൃതദേഹം കണ്ടത്.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം എന്താണ് മരണകാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മരിച്ച് ഏകദേശം രണ്ടാഴ്ചയോളമായതായി പൊലീസ് കരുതുന്നു. സംഭവ സ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിക്കാൻ ഫോറൻസിക്ക് സംഘങ്ങളെ അയച്ചിട്ടുണ്ടെന്ന് ഡിഐജി അറിയിച്ചു. വസ്തുതകൾ സ്ഥിരീകരിക്കുന്നതുവരെ പൊതുജനങ്ങളോട് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. തുടര്‍ നടപടികള്‍ക്കായി മൃതദേഹം ജിന്ന പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി.