Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

'ചലച്ചിത്ര ജീവിതത്തില്‍ അഭിമാനം തോന്നിയ ദിവസം'; 'പന്ത്രണ്ട്' സംവിധായകനെ കുറിച്ച് ഭദ്രന്‍

Dev Mohan Shine Tom Chacko Victor Abraham Vinayakan Panthrand - Trailer | Leo Thaddeus | Vinayakan | Dev Mohan | Shine Tom | Alphons Joseph

കെ ആര്‍ അനൂപ്

, തിങ്കള്‍, 14 നവം‌ബര്‍ 2022 (10:02 IST)
ഷൈന്‍ ടോം ചാക്കോ, ദേവ് മോഹന്‍, വിനായകന്‍, ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യ്ത 'പന്ത്രണ്ട്' ജൂണ്‍ 24ന് ആയിരുന്നു തിയേറ്ററുകളില്‍ എത്തിയത്.തന്റെ അസിസ്റ്റന്റ് ആയി മാത്രം വര്‍ക്ക് ചെയ്ത ലിയോയുടെ സിനിമ കണ്ടശേഷം സംവിധായകന്‍ ഭദ്രന്‍ പറഞ്ഞത് ഇങ്ങനെ.തന്റെ ചലച്ചിത്ര ജീവിതത്തില്‍ തനിക്ക് അഭിമാനം തോന്നിയ ദിവസം എന്നായിരുന്നു അദ്ദേഹം കുറിച്ചത്.
 
ഭദ്രന്റെ വാക്കുകളിലേക്ക്
 
'ഒരു കുറ്റബോധത്തോടെ അണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്.എന്റെ അസിസ്റ്റന്റ് ആയി മാത്രം വര്‍ക്ക് ചെയ്ത ലിയോ തദ്ദേവൂസിന്റെ 'പന്ത്രണ്ട് 'എന്ന ചിത്രം ഇന്ന് എന്റെ ഹോം തിയേറ്ററില്‍ ബാംഗ്ലൂരിലെ എന്റെ മകന്റെ നിര്‍ബന്ധത്തിന് വഴങ്ങി കാണുകയുണ്ടായിരുന്നു. എന്റെ ചലച്ചിത്ര ജീവിതത്തില്‍ എനിക്ക് അഭിമാനം തോന്നിയ ദിവസം ആയിരുന്നു ഇന്ന്. അത്രയും ചാരുതയോടെ മനോഹരമായി ആവിഷ്‌കരിച്ച ലിയോക്ക് എന്റെ അഭിനന്ദനങ്ങള്‍. തിയേറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ നാളെ നാളെ എന്ന് മാറ്റി വെച്ചത് ഒരു വീഴ്ച ആയി പോയതില്‍ എനിക്കേറെ ദു:ഖമുണ്ട്. കാണാമെന്നു മനസുറപ്പിച്ചപ്പോള്‍ തീയേറ്ററുകളില്‍ നിന്ന് സിനിമ അപ്രത്യക്ഷമായി.
ഞാന്‍ ഓര്‍ക്കുന്നു, എന്റെ സ്‌ക്രിപ്റ്റുകളെ അസിസ്റ്റ് ചെയ്ത് ആദ്യസിനിമയില്‍ തന്നെ അസോസിയേറ്റ് ആക്കിയതില്‍ എന്റെ പ്രൊഡക്ഷന്‍ ഹൗസിലെ ക്യാമറാമാന്‍ മുതല്‍ പ്രൊഡക്ഷന്‍ മാനേജരില്‍ നിന്ന് വരെ എതിര്‍പ്പുകളുടെ ഒരു പ്രവാഹമായിരുന്നു. സിനിമയില്‍ ജോലി ചെയ്ത് ഒരു പരിചയം ഇല്ലാത്ത ഒരാളെ അസോസിയേറ്റ് ആക്കിയാല്‍ എങ്ങനെ ശെരിയാകും. ശെരിയാകും എന്നുള്ള എന്റെ ഉറച്ച ബോധ്യം അവര്‍ക്കറിയില്ലല്ലോ.
അതിനെ അതിജീവിക്കാന്‍ കഴിയാതെ, 'ഞാന്‍ പോകുന്നു സര്‍ ' എന്ന് പറഞ്ഞ് ഹോട്ടല്‍ മുറിയുടെ വാതില്‍ പടിയില്‍ ചാരി നിന്ന് വിതുമ്പിയ ലിയോയെ ഞാന്‍ ഓര്‍ക്കുന്നു. 'പിടിച്ച് നിക്കണം ആര് എതിര്‍ത്താലും, സിനിമ പഠിക്കണമെങ്കില്‍ ഈ ആട്ടും തുപ്പും ശകാര വാക്കുകളും ഒക്കെ ഇതിന്റെ കൂടെ പിറവിയാണെന്ന് 'അയാളെ ബോധ്യപ്പെടുത്തി. പിന്നെ എന്നോടൊപ്പം അടുത്ത സിനിമ ഉടയോനിലും കൂടെയുണ്ടായിരുന്നു.
സിനിമ എന്ന ജ്വരം ഉപേക്ഷിക്കാതെ പ്രതികൂല സാഹചര്യങ്ങളില്‍ ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നിന്നു. എന്റെ വാക്കുകളെ കേള്‍ക്കാതെ വിട്ടുപോയിരുന്നെങ്കില്‍, ഈ സിനിമ ഉണ്ടാകുമായിരുന്നോ? ഒരു പക്ഷേ ഈ ഒരു സിനിമ ഉണ്ടാകാന്‍ വേണ്ടി ആയിരുന്നു അയാള്‍ നിലനിന്നത് എന്ന് വേണം കരുതാന്‍. 'യേശുവും 12 ശിഷ്യന്മാരും' എന്ന വിശ്വപ്രസിദ്ധിയാര്‍ജ്ജിച്ച ആ സത്യം, ഒരു contemperory ആയ ഒരു പശ്ചാത്തലത്തിലേക്ക് കൊണ്ടുവന്ന് കടലും കടലിടുക്കുകളും ഒക്കെ കൂട്ടിയിണക്കി തിന്മയില്‍ ജീവിച്ചവരെ മാറ്റി മറിച്ച യേശുദേവനെയും ശിഷ്യന്മാരെയും പറയാതെ പറഞ്ഞു.
ഈ സിനിമ തിയേറ്ററില്‍ സാമ്പത്തികമായി പരാജയപ്പെട്ടു എന്ന് ലിയോക്ക് തോന്നിയാല്‍ അത് തെറ്റാണ്.
'പരാജയം 'എന്ന വാക്കിന്റെ അവസാനം കിടക്കുന്ന 'ജയം 'നാളേക്ക് വേണ്ടി മുന്തി നില്‍ക്കുന്നു എന്ന് മറക്കണ്ട.....മേലില്‍ ഇത്തരം പുതിയ ചിന്തകളുമായി വേണം നിലനില്‍ക്കാന്‍.'-ഭദ്രന്‍ കുറിച്ചു.
 
അദ്ദേഹത്തിന്റെ കുറിപ്പ് പങ്കുവെച്ചുകൊണ്ട് ലിയോ തദേവൂസ് എഴുതിയത്:
 
'ഗുരു മുഖത്തുനിന്നും ആ നല്ല വാക്കുകള്‍ക്കപ്പുറം എന്ത് അംഗീകാരമാണ് എനിക്കിനി വേണ്ടത് . വഴി പിരിഞ്ഞു പോകേണ്ട എന്നെ ചേര്‍ത്ത് പിടിച്ചവനാണ് ഭദ്രന്‍ സര്‍. ഇന്നും സാറിന്റെ ഒരു ഫോണ്‍ കാള്‍ വന്നാല്‍ പ്പോലും അറിയാതെ ഞാന്‍ എഴുനേറ്റു നില്‍ക്കും . ലോകത്തിലെ എണ്ണം പറഞ്ഞ പ്രതിഭകളില്‍ ഒരുവനാണ് എന്റെ സാറെന്നു ഒരു സംശയവും കൂടാതെ ഞാന്‍ പറയും. മനസ്സിന് അല്പപ്പം ക്ഷീണം വന്നോ എന്ന് എന്നെത്തന്നെ ഞാന്‍ സംശയിച്ചപ്പോഴാണ് - ഈ ജീവന്‍ടോണ്‍ ! നന്ദി ഭദ്രന്‍ സാര്‍ ..ഈ ജീവ ശ്വാസത്തിന്'-ലിയോ തദ്ദേവൂസ് കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംവിധായകനൊപ്പം നവ്യ, ക്യാമറയ്ക്ക് പിന്നിലെ ചിരി, ശക്തമായ വേഷത്തില്‍ നടി, ചിത്രീകരണം പുരോഗമിക്കുന്നു