ലോകയിൽ നസ്ലെന്റെയും കല്യാണിയുടെയും കഥാപാത്രത്തെ തെരഞ്ഞെടുക്കുമ്പോൾ ഉണ്ടായ വിഷയത്തെക്കുറിച്ച് സഹാതിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രൻ. കല്യാണി-നസ്ലെൻ കോമ്പിനേഷനെപ്പറ്റി ആദ്യം ചർച്ചകൾ നടന്നിരുന്നു എന്ന് നടി കൂടിയായ ശാന്തി പറയുന്നു. ഇവരുടെ പ്രായവ്യത്യാസമായിരുന്നു ചർച്ചയ്ക്ക് ആധാരം.
പിന്നീട് പ്രേക്ഷകർക്ക് ബോധ്യപ്പെടുന്ന രീതിയിലാണ് ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചതെന്നും ശാന്തി പറഞ്ഞു. പുരുഷനെക്കാളും സ്ത്രീക്ക് പ്രായക്കൂടുതലുണ്ടെങ്കിൽ എന്താണ് പ്രശ്നമെന്നും നടി കൂട്ടിച്ചേർത്തു. മാതൃഭൂമി വാരാന്തപ്പതിപ്പിൽ നൽകിയ അഭിമുഖത്തിലാണ് ശാന്തി ഇക്കാര്യം പറഞ്ഞത്.
'വിവേക് അനിരുദ്ധാണ് കാസ്റ്റിംഗ് ഡയറക്ടർ. കൃത്യമായ ഒഡിഷനിലൂടെയും മറ്റുമാണ് കാസ്റ്റിംഗ് തീരുമാനിച്ചത്. സാൻഡി മാസ്റ്റർ, ദുര്ഗ എന്നിവരെയൊക്കെ വിവേകാണ് കൊണ്ടുവന്നത്. ചന്ദ്രയായി കല്യാണിയെയല്ലാതെ മറ്റാരെപ്പറ്റിയും ചിന്തിച്ചിരുന്നില്ല', ശാന്തി പറഞ്ഞു.
ചന്ദ്രയായി ആദ്യം അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നത് പാർവതി തിരുവോത്തിനെ ആയിരുന്നുവെന്നും പാർവതി മറ്റ് ചില കാരണങ്ങളാൽ സിനിമ വേണ്ടെന്ന് വെയ്ക്കുകയായിരുന്നുവെന്നും സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നിരുന്നു. തങ്ങളുടെ മനസ്സിൽ കല്യാണി തന്നെയായിരുന്നു ചന്ദ്രയായി ഉണ്ടായിരുന്നതെന്ന് തിരക്കഥാകൃത്ത് തന്നെ വെളിപ്പെടുത്തിയതോടെ, പാർവതിയെ സംബന്ധിച്ച പ്രചാരണം വെറും അഭ്യൂഹം മാത്രമായിരുന്നുവെന്ന് വ്യക്തമാവുകയാണ്.
'കല്യാണി-നസ്ലെൻ കോമ്പിനേഷനെപ്പറ്റി ആദ്യം ചർച്ചകളുണ്ടായിരുന്നു. പ്രായവ്യത്യാസമായിരുന്നു വിഷയം. എന്നാൽ, സിനിമയിൽ കല്യാണിയുടെ കഥാപാത്രം നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്നതാണ്. പ്രേക്ഷകർക്ക് ബോധ്യപ്പെടുന്ന രീതിയിൽ തന്നെയാണ് ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചതും. അല്ലെങ്കിലും പുരുഷനെക്കാളും സ്ത്രീക്ക് പ്രായക്കൂടുതലുണ്ടെങ്കിൽ എന്താണ് പ്രശ്നം?', ശാന്തി പറഞ്ഞു.
അതേസമയം, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണ് "ലോക - ചാപ്റ്റർ വൺ: ചന്ദ്ര". ചിത്രം 200 കോടിയിലധികം രൂപയാണ് കളക്ഷൻ നേടി മുന്നേറുന്നത്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രമാണ് "ലോക". റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം "ലോക" സ്വന്തമാക്കിയത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്.