എന്തുകൊണ്ട് അങ്ങനെയൊന്ന് സംഭവിച്ചില്ല? 'എനിക്കറിയില്ല അമ്മേ'യെന്ന് പൃഥ്വി പറഞ്ഞു: മല്ലിക സുകുമാരൻ
വിഷയത്തിൽ ഇതുവരെയും പരസ്യ പ്രതികരണത്തിന് പൃഥ്വിരാജ് തയ്യാറായിട്ടില്ല.
മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് സിനിമ ആയെങ്കിലും എമ്പുരാൻ ഒരുപാട് വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. സിനിമയുടെ ആശയം രാഷ്ട്രീയ വിവാദമായി. ചില സീനുകൾ നീക്കം ചെയ്തു. വിവാദങ്ങൾക്ക് പിന്നാലെ മാപ്പ് പറഞ്ഞ് മോഹൻലാൽ അടക്കമുള്ളവർ രംഗത്ത് വന്നു. വിഷയത്തിൽ ഇതുവരെയും പരസ്യ പ്രതികരണത്തിന് പൃഥ്വിരാജ് തയ്യാറായിട്ടില്ല.
പൃഥിരാജിനെതിരെ കടുത്ത സൈബർ ആക്രമണം ഉണ്ടായപ്പോൾ ശക്തമായ പ്രതികരണം നടത്തിയത് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനാണ്. ഇപ്പോഴിതാ എമ്പുരാൻ വിവാദ സമയത്ത് തനിക്കുണ്ടായ നിരാശ ആദ്യമായി തുറന്ന് പറഞ്ഞിരിക്കുകയാണ് മല്ലിക സുകുമാരൻ. ജിഞ്ചർ മീഡിയ എന്റർടെയിൻമെന്റ്സിൽ സംസാരിക്കവെയാണ് പരാമർശം.
'ഞാൻ പ്രതീക്ഷിച്ചത് മോഹൻലാൽ, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ, പൃഥ്വിരാജ് എന്നീ നാല് പേരും കൂടി ഒരു പ്രസ്താവന വരുമെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിച്ചു. അതായിരുന്നു ചെയ്യേണ്ടിരുന്നത്. നിങ്ങളാരും പറയുന്നതൊന്നും ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല എന്ന പ്രസ്താവന. അത് തെറ്റിച്ചതിന് പിന്നിൽ രാജുവിനോടുള്ള വ്യക്തി വെെരാഗ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ മോനാേട് പറഞ്ഞാൽ പോ അമ്മേ എന്ന് പറയും.
എന്താടാ അങ്ങനെയൊരു പ്രസ്താവന വരാതിരുന്നതെന്ന് ഞാൻ ചോദിച്ചു. എനിക്കറിയില്ല അമ്മേയെന്ന് അവൻ. സോഷ്യൽ മീഡിയയിലെ പോസ്റ്റുകളൊന്നും രാജു കാണുന്നില്ല. ഞാനിട്ട പോസ്റ്റ് പോലും കാണാറില്ല. ഞാൻ വിളിച്ച് പറയും. ഇതൊക്കെ തെറ്റിദ്ധാരണയാണ്, ദയവ് ചെയ്ത് അങ്ങനെയൊന്നും ചെയ്യരുത് എന്ന പ്രസ്താവന വരേണ്ടതായിരുന്നു, അപ്പോഴേക്കും തിരുത്തണമെന്ന് പറയുന്നു. എന്തിനായിരുന്നു ഈ കോലാഹലങ്ങൾ. അത് അഞ്ജാതമായ ഏരിയ ആണ്. ആരും അറിയാതെ പൃഥ്വിരാജ് എഴുതി ചേർത്തു എന്ന് ഒരാൾ അനാവശ്യമായി പറഞ്ഞപ്പോൾ ഞാൻ പ്രതികരിച്ചു. ഇനിയും പ്രതികരിക്കും', മല്ലിക സുകുമാരൻ പറഞ്ഞു.