Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ഞുമ്മൽ ബോയ്സിനെ ചേർത്തുനിർത്തി തമിഴകം, പ്രേമലു തെലുങ്കിലും വേണമെന്ന് ഗാരുമാരും,ഇത് മലയാള സിനിമയുഗം

Manjummel and premalu

അഭിറാം മനോഹർ

, തിങ്കള്‍, 26 ഫെബ്രുവരി 2024 (20:16 IST)
Manjummel and premalu
മലയാള സിനിമകള്‍ പൊതുവേ വിഷു റിലീസുകള്‍ക്കും ഓണം ക്രിസ്മസ് റിലീസുകള്‍ക്കുമാണ് ആള്‍ക്കൂട്ടങ്ങളെ കാര്യമായി ആകര്‍ഷിക്കാറുള്ളത്. ഈ ആഘോഷസീസണുകളില്‍ റിലീസിനായി സൂപ്പര്‍ താരങ്ങളുടെ അടക്കം സിനിമകളുണ്ടാകും എന്നതും അവധി ദിവസങ്ങളാകും എന്നതും സിനിമാ കളക്ഷനെ ഉയര്‍ത്താറുണ്ട്. എന്നാല്‍ മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം നല്‍കിയ മാസമാണ് കഴിഞ്ഞുപോകുന്നത്.
 
ഫെസ്റ്റിവല്‍ സീസണ്‍ അല്ലാതിരുന്നിട്ട് കൂടി ടൊവിനോ ചിത്രമായ അന്വേഷിപ്പിന്‍ കണ്ടെത്തും തുടങ്ങി അവസാനമായി പുറത്തുവന്ന മഞ്ഞുമ്മല്‍ ബോയ്‌സ് അടക്കം മികച്ച അഭിപ്രായം നേടുന്നതിനൊപ്പം മികച്ച കളക്ഷനാണ് ബോക്‌സോഫീസില്‍ നിന്നും നേടുന്നത്. നസ്ലീന്‍ മമിത ചിത്രം പ്രേമലുവും മമ്മൂട്ടി ചിത്രമായ ഭ്രമയുഗവും ഇതിനകം 50 കോടി ക്ലബിലെത്തി കഴിഞ്ഞു. മഞ്ഞുമ്മല്‍ ബോയ്‌സും 50 കോടി ക്ലബിന് തൊട്ടരികിലാണ്.
 
കേരളത്തിലേത് പോലെ മികച്ച പ്രതികരണമാണ് മഞ്ഞുമ്മല്‍ ബോയ്‌സിന് തമിഴ്‌നാട്ടില്‍ ലഭിക്കുന്നത്. കേരളത്തിലേത് പോലുള്ള ഹൗസ്ഫുള്‍ ഷോകളോടെ നിറഞ്ഞോടുകയാണ് സിനിമ. പകുതി സിനിമ തമിഴിലാണ് എന്നുള്ളതും തമിഴ് സിനിമയുടെയും സംഗീതത്തിന്റെയും സാന്നിധ്യമുള്ളതും തമിഴ് പ്രേക്ഷകരെ കൂടുതല്‍ ആകര്‍ഷിക്കുന്നുണ്ട്.
 
അതേസമയം ആന്ധ്രയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കുന്നത് നസ്ലീന്‍ മമിത ബൈജു ചിത്രമായ പ്രേമലുവാണ്. മികച്ച അഭിപ്രായമാണ് തെലുങ്ക് പ്രേക്ഷകരില്‍ നിന്നും സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയ്ക്ക് ലഭിക്കുന്ന സ്വീകരണത്തെ തുടര്‍ന്ന് സിനിമയുടെ തെലുങ്ക് മൊഴിമാറ്റ അവകാശം വന്‍തുകയ്ക്ക് എസ് എസ് രാജമൗലിയുടെ മകനായ എസ് എസ് കാര്‍ത്തികേയ സ്വന്തമാക്കിയെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഹൈദരാബാദ് പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഹൈദരബാദില്‍ പ്രേക്ഷകരുടെ ഇഷ്ടസിനിമയാകാന്‍ പ്രേമലുവിന് സാധിച്ചിട്ടുണ്ട്. ഇനി തെലുങ്ക് പതിപ്പ് കൂടി വരുമ്പോള്‍ കളക്ഷനില്‍ കുതിപ്പുണ്ടാകുമെന്നാണ് ട്രേഡര്‍മാര്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Pankaj Udhas: ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു