Select Your Language

Notifications

webdunia
webdunia
webdunia
webdunia

23 വർഷം മുൻപ് മറ്റൊരു ജൂണിലാണ് ഇത്രയും ദുഃഖം എന്നെ തേടി വന്നത്, എന്റെ ഒരു ഭാഗം ഇന്ന് നിങ്ങൾക്കൊപ്പം യാത്രയായി...

23 വർഷം മുൻപ് മറ്റൊരു ജൂണിലാണ് ഇത്രയും ദുഃഖം എന്നെ തേടി വന്നത്, എന്റെ ഒരു ഭാഗം ഇന്ന് നിങ്ങൾക്കൊപ്പം യാത്രയായി...
, വെള്ളി, 19 ജൂണ്‍ 2020 (19:51 IST)
സംവിധായകന്‍ സച്ചിയും പൃഥ്വീരാജും തമ്മിലുള്ള ബന്ധം സിനിമാലോകത്ത് എല്ലാവര്‍ക്കും അറിവുള്ളതാണ്.എഴുത്തുക്കാരൻ എന്ന നിലയിൽ സച്ചിയുടെ ആദ്യ ചിത്രമായ ചോക്കളേറ്റ് മുതൽ അവസാന ചിത്രമായ അയ്യപ്പനും കോശിയും വരെ ആ സൗഹൃദം എത്തി‌നിൽക്കുന്നു. ഒരു സച്ചി ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കുന്നു എന്ന വാർത്ത ആരാധാകർക്ക് നൽകിയിരുന്ന പ്രതീക്ഷകളും ചെറുതല്ല. അതുപോലെ തന്നെ സിനിമയ്‌ക്ക് പുറത്തും സൗഹൃദം പുലർത്തിയവരായിരുന്നു രണ്ട് പേരും. സച്ചിയുടെ മരണത്തിന് പിന്നാലെ പോയി എന്ന ഒറ്റവാക്കിലായിരുന്നു പൃഥ്വി തന്റെ സങ്കടകടൽ മൊത്തം ഒതുക്കിവെച്ചത്. ഇപ്പോഴിതാ സഹപ്രവർത്തകനും സുഹൃത്തുമായ തന്റെ സുഹൃത്തിനെ പറ്റി ഹൃദയ‌സ്പർശിയായ കുറിപ്പുമായി മനസ്സ് തുറന്നിരിക്കുകയാണ് പൃഥ്വി. സച്ചി ഉണ്ടായിരുന്നെങ്കിൽ അടുത്ത 25 വർഷത്തെ മലയാള സിനിമയും തന്റെ അഭിനയ ജീവിതവും മറ്റൊന്നായേനെയെന്ന് പൃഥ്വി പറയുന്നു. 23 വർഷം മുൻപൊരു ജൂൺ മാസത്തിലാണ് ഇതിന് മുൻപ് ഇത്രയും വിഷമം നേരിട്ടതെന്നും പൃഥ്വി പറയുന്നു.
 
സച്ചിക്ക് പൃഥ്വി എഴുതിയ ആദരാഞ്ജലി
 
സച്ചി 
 
എനിക്കിന്ന് ഒരുപാട് സന്ദേശങ്ങളും ഫോൺകോളുകളും അറ്റൻഡ് ചെയ്യേണ്ടിവന്നു.എന്നെ ആശ്വസിപ്പിക്കാനുള്ള കോളുകളായിരുന്നു അവ. ഞാൻ എങ്ങനെയാണ് ഈ ദുഖത്തിൽ പിടിച്ചുനിൽക്കുന്നതെന്ന് ചോദിച്ച്.എന്നെയും നിങ്ങളെയും അറിയാവുന്നവർക്ക് നമ്മളെയും അറിയാമായിരുന്നുവെന്ന് ഞാൻ കരുതുന്നു. പക്ഷേ അവരിൽ പലരും പറഞ്ഞ ഒരു കാര്യത്തെ എനിക്ക് നിശബ്‌ദമായി നിഷേധിക്കേണ്ടിവന്നു. നിങ്ങളുടെ കരിയറിന്റെ ഉയർച്ചയിൽ നില്‍ക്കുമ്പോഴാണ് നിങ്ങള്‍ പോയതെന്നായിരുന്നു അത്! നിങ്ങളുടെ ആശയങ്ങളും സ്വപ്നങ്ങളും അറിയാവുന്ന ഒരാളെന്ന നിലയ്ക്ക്, അയ്യപ്പനും കോശിയും നിങ്ങളുടെ പ്രതിഭയുടെ പരമ്യതയല്ലെന്ന് എനിക്കറിയാമായിരുന്നു.നിങ്ങൾ ആഗ്രഹിച്ചിരുന്ന ഒരു തുടക്കം മാത്രമായിരുന്നു അത്.ആ ബിന്ധുവിലേക്ക് എത്താനുള്ള യാത്രയായിരുന്നു നിങ്ങളുടെ മുഴുവന്‍ ഫിലിമോഗ്രഫിയും എന്ന് എനിക്കറിയാം.
 
പറയാതെപോയ ഒരുപാട് കഥകള്‍, സാധിക്കാതെപോയ ഒരുപാട് സ്വപ്നങ്ങള്‍,രാത്രി വൈകുവോളമുള്ള കഥപരച്ചിലുകൾ, വോയ്‌സ് നോട്ടുകൾ വരാനിരിക്കുന്ന പല പദ്ധതികളും നമ്മൾ തയ്യാറാക്കിയിരുന്നു. എന്നിട്ട് നിങ്ങൾ പോയി.സ്വന്തം സിനിമാ സങ്കല്‍പത്തിനായി മറ്റാരിലെങ്കിലും നിങ്ങള്‍ വിശ്വാസം കണ്ടെത്തിയിരുന്നോ എന്നെനിക്കറിയില്ല,വരും വർഷങ്ങളിലെ നിങ്ങളുടെ ഫിലിമോഗ്രഫിയെ നിങ്ങൾ എങ്ങനെ വിഭാവനം ചെയ്‌തതെന്നെനിക്കറിയില്ല. പക്ഷേ നിങ്ങളിൽ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. നിങ്ങൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ അടുത്ത 25 വർഷത്തെ മലയാള സിനിമയും എന്റെതന്നെ കരിയറും ഒരുപാട് വ്യത്യസ്തമായേനെ എന്നെനിക്കറിയാം.
 
അതെല്ലാം വിട്ടുകളയാം. നിങ്ങൾ ഇവിടെ തുടരുന്നതിനായി ആ സ്വപ്‌നങ്ങളെല്ലാം ഞാൻ പണയം വെച്ചേനെ. നിങ്ങളുടെ ഒരു ശബ്‌ദസന്ദേശത്തിനായി, അടുത്തൊരു ഫോൺകോളിനായി. നമ്മൾ ഒരുപോലെയെന്ന് നിങ്ങൾ പറയാറുണ്ടായിരുന്നു.അതെ അങ്ങനെ തന്നെയായിരുന്നു. പക്ഷേ ഇപ്പോൾ എന്‍റെ മാനസികാവസ്ഥയില്‍ ആയിരിക്കില്ല നിങ്ങളെന്ന് ഞാന്‍ കരുതുന്നു. കാരണം 23 വർഷങ്ങൾക്ക് മുൻപ് ഒരു ജൂണിലാണ് ഇതിനുമുൻപ് ഇത്രയും ആഴത്തിലുള്ളൊരു ദുഖം എന്നെ തേടിവന്നത്.നിങ്ങളെ അറിയാം എന്നത് ഒരു ഭാഗ്യമായിരുന്നു സച്ചീ. എന്റെ ഒരുഭാഗം ഇന്ന് യാത്രയായി.ഇപ്പോള്‍ മുതല്‍ നിങ്ങളെ ഓര്‍മ്മിക്കുക എന്നത് എന്‍റെ നഷ്ടമായ ആ ഭാഗത്തെക്കുറിച്ചുകൂടിയുള്ള ഓർമ്മിക്കലാകും.വിശ്രമിക്കുക സഹോദരാ..

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സച്ചിയുടെ വിയോഗം: സിനിമാ പ്രേമികള്‍ക്ക് നഷ്ടമായത് രണ്ടു സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍