കൂട്ടുകാരന്‍ മരിച്ചു കിടക്കുമ്പോള്‍ രമേശ് പിഷാരടി ബര്‍ത്ത് ഡേ ആഘോഷിച്ചോ? അന്ന് സംഭവിച്ചത്...
കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
മലയാളികള്‍ക്ക് സുപരിചിതനാണ് രമേശ് പിഷാരടി. അവതാരകനില്‍ നിന്നും സംവിധായകനിലേക്കും നടനിലേക്കും വളർന്ന് പന്തലിച്ച അദ്ദേഹത്തിന് സിനിമയിൽ നിരവധി ആരാധകരുണ്ട്. രമേശ് പിഷാരടിയും ഒരുകാലത്ത് സോഷ്യൽ മീഡിയയുടെ സൈബർ അറ്റാക്കിന് ഇരയായിട്ടുണ്ട്. നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ മരണത്തിന്റെ സമയത്ത് തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് സംസാരിക്കുകയാണ് രമേശ് പിഷാരടി. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
'ദുബായില്‍ എന്റെയൊരു സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിച്ചു. ഒന്നൊന്നര മണിക്കൂറിന്റെ വ്യത്യാസമുണ്ട്. പോസ്റ്റ് ഇട്ട ശേഷം ഞാന്‍ കിടന്നുറങ്ങി. പുലര്‍ച്ചെ നാലുമണിയായപ്പോള്‍ ഷാജോണ്‍ ചേട്ടന്‍ വിളിച്ചു. ഇങ്ങനൊരു അപകടമുണ്ടായി. മഹേഷ് കുഞ്ഞുമോന് പരുക്കുണ്ട്. കൊല്ലം സുധി മരണപ്പെട്ടുവെന്ന് പറഞ്ഞു.
സുധിയുടെ ബോഡി എറണാകുളത്തും പൊതുദര്‍ശനത്തിന് വെക്കണമോ എന്നൊരു ചര്‍ച്ച വന്നു. കല്യാണത്തിന് കൊടുക്കുന്ന ഹാളുകള്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കാന്‍ കിട്ടാറില്ല. ടൗണ്‍ ഹാളൊക്കെയാണ് ലഭിക്കുക. ഞാന്‍ ദുബായില്‍ ഇരുന്നുകൊണ്ട് എംഎല്‍എയേയും എംപിയേയുമൊക്കെ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ ബോഡി ഇവിടെ പൊതുദര്‍ശനത്തിന് വെക്കണ്ട എന്ന് തീരുമാനമാവുകയും ബോഡി പോവുകയും ചെയ്തു.
ഇതും കഴിഞ്ഞ് ഫെയ്‌സ്ബുക്ക് എടുത്തു നോക്കിയപ്പോള്‍ കൂട്ടുകാരന്‍ മരിച്ചു കിടക്കുമ്പോഴാണോടാ പിറന്നാള്‍ ആഘോഷിക്കുന്നത് എന്നും പറഞ്ഞ് മറ്റേ പോസ്റ്റിന്റെ താഴെ കടലു പോലെ ചീത്തവിളിയാണ്. ഒടുവില്‍ ഞാന്‍ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു. കുഞ്ഞുങ്ങളൊക്കെ കാണുന്നതല്ലേ അതിനാല്‍ അശ്ലീലം അവിടെ കിടക്കേണ്ടെന്ന് കരുതി.'' എന്നാണ് അദ്ദേഹം പറയുന്നത്.
ഇത് തെറ്റിദ്ധരിക്കപ്പെടലാണ്. ഒരുപാട് ശ്രദ്ധിക്കാതെ പറയാന്‍ തുടങ്ങിയാല്‍ ഇത് വിശദീകരിക്കാനേ നേരം കാണൂ. അല്ലെങ്കില്‍ വിശദീകരിക്കണ്ട എന്ന് വെക്കേണ്ടി വരും. അതുകൊണ്ടാണ് ഇപ്പോള്‍ വര്‍ത്തമാനം പറയാന്‍ സൂക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. ഒരു പരിപാടി കഴിഞ്ഞ് രാത്രി മടങ്ങി വരുമ്പോഴുണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധി മരണപ്പെടുന്നത്.