സിനിമയിൽ ഒരുപിടി സൗഹൃദങ്ങളുള്ള നടനാണ് മമ്മൂട്ടി. വലുപ്പച്ചെറുപ്പമില്ലാതെ താരങ്ങളുമായി സൗഹൃദം വെച്ചുപുലർത്താൻ മമ്മൂട്ടിക്ക് സാധിക്കാറുണ്ട്. മമ്മൂട്ടിയുടെ സൗഹൃദവലയങ്ങളിൽ എപ്പോഴും ഉള്ള ഒരാളാണ് രമേശ് പിഷാരടി. സൂപ്പർ താരത്തിനൊപ്പം രമേശ് പിഷാരടി നിൽക്കുന്നത് സ്വന്തം നേട്ടങ്ങൾക്ക് വേണ്ടിയാണെന്നും വാദങ്ങൾ വരാറുണ്ട്.
എന്നാൽ മമ്മൂട്ടിയുടെ താരപദവിയല്ല രമേഷ് പിഷാരടിക്ക് ഇദ്ദേഹത്തോടുള്ള സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മാനദണ്ഡം. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിൽ രമേശ് പിഷാരടി ഇതേക്കുറിച്ച് സംസാരിക്കുന്നുണ്ട്.
'ഞാൻ ധർമ്മജനോട് ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഞാൻ നിന്റെ കൂടെ നടക്കുമ്പോഴും നീ എന്റെ കൂടെ നടക്കുമ്പോഴും അതിനെ വാലും തലയുമായി ആരും കണ്ടിട്ടില്ലെന്ന് പറഞ്ഞു. അതിന് കാരണം മമ്മൂക്കയുടെ പ്രൊഫെെലിന്റെ വലിപ്പവും എന്റെ പ്രൊഫെെലിന്റെ വലിപ്പവും മാച്ച് ആകാത്തത് കൊണ്ടുള്ള പ്രശ്നമാണ്. വർത്തമാന കാലഘട്ടത്തിൽ നന്മ സംശയിക്കപ്പെടും.
നിങ്ങളോട് ഒരാൾ നന്നായി പെരുമാറിയാൽ ഇവനെന്തിനാണ് നന്നായി പെരുമാറുന്നത്, എന്തോ കാര്യമുണ്ട് എന്ന് വിചാരിക്കും. സിനിമയിൽ പോലും ഒരാൾ പത്ത് പേരെ ഇടിച്ച് വിശ്വസിപ്പിക്കുന്നത് പോലെ എളുപ്പമല്ല പത്ത് പേർക്ക് ഊൺ മേടിച്ച് കൊടിക്കുന്ന സീൻ വിശ്വസിക്കുക. എന്റെ കാര്യത്തിൽ ആൾക്കാർക്ക് ഒരുപാട് ഉത്തരങ്ങളുണ്ട്.
അവസരങ്ങൾ കിട്ടാൻ വേണ്ടിയാണ്, സിനിമ കിട്ടാൻ വേണ്ടിയാണ് എന്നെല്ലാം. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുന്നവന് കാരണമില്ല. അതുകൊണ്ടാണ് ഒരുപക്ഷെ ഈ ചോദ്യം ഉണ്ടാകുന്നത്. രണ്ട് മനുഷ്യരായി കണ്ടാൽ ചോദ്യത്തിന് പ്രസക്തി ഇല്ല. ഞാനെന്തിനാണ് പണ്ട് നാന വായിച്ചത്. സിനിമയെക്കുറിച്ചും ഷൂട്ടിംഗ് നടക്കുന്നതിനെക്കുറിച്ചും അറിയാനല്ലേ. ഇന്ത്യ മുഴുവൻ ആദരിക്കുന്ന ഒരാളുടെ കൂട്ടത്തിൽ ഇരിക്കാൻ പറ്റുന്നത് എനിക്ക് കിട്ടുന്ന വലിയ ഭാഗ്യമാണ്.
ആരെന്ത് പറഞ്ഞാലും അദ്ദേഹം പറയുന്നത് വരെ ഇത് മിസ് ആക്കാൻ ഞാൻ റെഡി അല്ല. ഞങ്ങളുടെ സംസാരങ്ങളിൽ കൂടുതലും വരുന്നത് സിനിമയെക്കുറിച്ചാണ്. രാഷ്ട്രീയം സംസാരിക്കാറുണ്ട്. സാമൂഹികവും സാംസ്കാരികവുമായ വിഷയങ്ങൾ സംസാരിക്കാറുണ്ട്. അഭിപ്രായ ഭിന്നതകൾ ഉണ്ടാകാറുണ്ട്. അഭിപ്രായ ഭിന്നതയുള്ളത് കൊണ്ടാണ് സംസാരിക്കാൻ പറ്റുന്നത്. ഇല്ലെങ്കിൽ സംസാരിക്കാൻ പറ്റില്ല.
അദ്ദേഹം ഒരു ലിസണർ ആണ്. അദ്ദേഹത്തിന് അസുഖം വന്നപ്പോൾ ഞാനാണ് ഏറ്റവും കൂടുതൽ വിഷമിച്ചത്, എന്റേതാണ് വിഷമം എന്നില്ല. ഒരുപാട് പേർ അതിനകത്തുണ്ട്. അത്രയും കമന്റുകളും അന്വേഷണങ്ങളും വന്നു. ആ കാലഘട്ടത്തിൽ എന്നെ കാണുന്ന പലരും അദ്ദേഹത്തിന് എങ്ങനെയുണ്ടെന്ന് സ്വരം താഴ്ത്തി ചോദിക്കുമായിരുന്നു. അറിഞ്ഞത് മുതൽ മാറുന്നത് വരെയുള്ള കാലഘട്ടമുണ്ടായിരുന്നു', രമേശ് പിഷാരടി പറയുന്നു.