10 ലക്ഷം പ്രതിഫലം കിട്ടുന്ന പരിപാടിക്ക് 400 രൂപയുടെ ടോപ്പുമിട്ട് മഞ്ജു വാര്യർ; ചിരിപ്പിച്ച് പിഷാരടി
ഇടുമ്പോൾ നന്നായിരുന്നാൽ പോരെ, വിലയൊക്കെ ആരാണ് നോക്കുന്നത്? രമേശ് പിഷാരടിയോട് മഞ്ജു
മലയാളികൾ എന്നും സ്നേഹത്തോടെയാണ് മഞ്ജു വാര്യരെ സ്വീകരിച്ചിട്ടുള്ളത്. കരിയറിന്റെ തുടക്കത്തിലും പീക്ക് ടൈമിലും മലയാളികൾ അവർക്കൊപ്പം നിന്നു. സിനിമ ഉപേക്ഷിച്ച് വിവാഹ ജീവിതം തിരഞ്ഞെടുത്തപ്പോൾ പലരും ആ തീരുമാനം തെറ്റാണെന്ന് പറഞ്ഞു. വർഷങ്ങൾക്കൊടുവിൽ ഡിവോഴ്സ് ആയി വീണ്ടും സിനിമയിലേക്ക് തിരിച്ച് വന്നപ്പോഴും മലയാളികൾ അവരെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. സിനിമാ മേഖലയിൽ മഞ്ജുവിന് നിരവധി സൗഹൃദങ്ങളുണ്ട്.
ഇപ്പോഴിതാ മഞ്ജുവിനെക്കുറിച്ച് രസകരമായൊരു കഥ പങ്കുവെക്കുകയാണ് രമേഷ് പിഷാരടി. അമൃത ടിവിയിലെ ഒരു പരിപാടിയിൽ വച്ചാണ് മഞ്ജുവിന്റെ ലാളിത്യത്തെക്കുറിച്ചുള്ളൊരു കഥ രമേഷ് പിഷാരടി പങ്കുവെക്കുന്നത്. ''ഈ മഞ്ജു വാര്യർ ഇടയ്ക്ക് സിനിമയ്ക്ക് വരും. മാസ്‌കും ഒരു ബനിയനുമിട്ട്. തിരക്കിനടയിൽ പെട്ടാൽ മഞ്ജുവിനെ കണ്ടുപിടിക്കാൻ പറ്റില്ല. നൂണ്ട് നൂണ്ട് കേറിപ്പോകും.'' എന്ന് പിഷാരടി പറയുന്നുണ്ട്. പിന്നാലെയാണ് രമേഷ് പിഷാരടി കഥ പങ്കുവെക്കുന്നത്.
''എന്റെ ഒരു പരിപാടിയ്ക്ക് ഡൽഹിയിൽ പോയപ്പോൾ ഡൽഹിയിലെ സരോജിനി മാർക്കറ്റിൽ പോയി. അവിടെപ്പോയിട്ട് നാനൂറ് രൂപ വിലയുള്ള ടോപ്പ് വാങ്ങി. ഒരെണ്ണം ഫ്രീയും കിട്ടിയെന്നാണ് പറയുന്നത്. രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോൾ ഇക്കാര്യം മറക്കുമല്ലോ. എന്നിട്ട് എന്റെ ഒരു പരിപാടിയ്ക്ക്, 10 ലക്ഷം രൂപയെങ്കിലും എന്റെ ഊഹത്തിൽ പ്രതിഫലം കിട്ടുന്ന പരിപാടിയിൽ ഈ നാനൂറ് രൂപയുടെ ടോപ്പുമിട്ട് ഒന്നുമറയിയാത്തത് പോലെ വന്നിരിക്കുകയാണ്.'' എന്നാണ് പിഷു പറയുന്നത്.
പിന്നാലെ മഞ്ജു മറുപടിയും നൽകുന്നുണ്ട്. അതിനെന്താണ്? ഇടുമ്പോൾ നന്നായിരുന്നാൽ പോരെ, വിലയൊക്കെ ആരാണ് നോക്കുന്നത് എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. മഞ്ജുവിന് അവതാരകയായ റിമി ടിമി കയ്യടിക്കുകയും ചെയ്യുന്നുണ്ട്. മഞ്ജുവും പിഷാരടിയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഒരുമിച്ച് യാത്രകൾ പോകുന്നതും പതിവാണ്. മഞ്ജുവിനോളം ലാളിത്യമുള്ള മറ്റൊരു നടി മലയാളത്തിലില്ലെന്ന് ചിലർ പറയുന്നു.