പൃഥ്വിരാജിനെ നായകനാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്ത സിനിമയാണ് വിലായത്ത് ബുദ്ധ. സിനിമ ഇന്ന് തിയേറ്ററിലേക്ക് എത്തിയിരിക്കുകയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഇന്നലെ ക്യു സ്റ്റുഡിയോ പൃഥ്വിരാജിനെയും മറ്റു അണിയറപ്രവർത്തകരെയും ഉൾപ്പെടുത്തി ഒരു ഇൻസ്റ്റഗ്രാം ലൈവ് സംഘടിപ്പിച്ചിരുന്നു.
ഇപ്പോഴിതാ ഈ ലൈവിൽ കമന്റുമായി എത്തിയ രൺവീർ സിംഗ് ആണ് പ്രേക്ഷകരെ മുഴുവൻ ഞെട്ടിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം ലൈവ് നടക്കുന്നതിനിടെയാണ് രൺവീർ സിംഗ് കമന്റുമായി എത്തിയത്.
'പൃഥ്വിരാജ് സാർ എനിക്കൊപ്പം അഭിനയിക്കാൻ ആണോ അതോ സംവിധാനം ചെയ്യാൻ ആണോ പോകുന്നത്? എന്നായിരുന്നു രൺവീറിന്റെ കമന്റ്. പൃഥ്വിരാജ് ഇരിക്കുന്നതിന് പിന്നിലായി ഒരു അമിതാഭ് ബച്ചൻ സിനിമയുടെ പോസ്റ്ററും കാണാം. അതിനെ പുകഴ്ത്തിയും രൺവീർ എത്തി. 'പൃഥ്വി സാർ, താങ്കളുടെ പിന്നിലുള്ള പോസ്റ്റർ എനിക്ക് വളരെയധികം ഇഷ്ടമായി' എന്നാണ് നടൻ കുറിച്ചത്.
എന്തായാലും രൺവീറിന്റെ അപ്രതീക്ഷിതമായ എൻട്രി പ്രേക്ഷകരെ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. പൃഥ്വിരാജിന്റെ പാൻ ഇന്ത്യൻ റീച്ചിനെയാണ് ഇത് സൂചിപ്പിക്കുന്നത് എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്യുന്നത്.