രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. സിനിമയിലെ കുഞ്ചാക്കോ ബോബന്റെ പല സീനുകളും അവതരിപ്പിച്ചത് താനാണെന്ന് പറയുകയാണ് സുനിൽ രാജ് എടപ്പാൾ.
ചാക്കോച്ചന്റെ തിരക്ക് മൂലം അദ്ദേഹം പറഞ്ഞിട്ടാണ് സിനിമയിലെ ചില സീനുകൾ താൻ ചെയ്തതെന്ന് സുനിൽ കുറിച്ചു. പുറത്തു പറയാൻ പാടില്ലായിരുന്നുവെന്നും എന്നാൽ വേറെ നിവർത്തി ഇല്ലാത്തോണ്ടാണ് പറയുന്നതെന്നും സുനിൽ പറയുന്നു.
'പുറത്തു വിടാൻ പാടില്ലാരുന്നു പക്ഷെ വേറെ നിവർത്തി ഇല്ലാത്തോണ്ടാ പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് നി അയാളെ അവതരിപ്പിച്ചു എന്ത് നേടി എന്ന്, ഒരു സിനിമയിൽ അദ്ദേഹത്തിന്റെ തിരക്കുമൂലം കുറച്ചു ഭാഗങ്ങൾ ചെയ്യാൻ സാധിച്ചു അതും അദ്ദേഹം തന്നെയാണ് ആ സിനിമയിലേക്ക് എന്നെ സജ്ക്ഷൻ ചെയ്തത്,' സുനിൽ രാജ് പറഞ്ഞു.
രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയുടെ സ്പിൻ-ഓഫ് ചിത്രമായിരുന്നു സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. ന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ രാജേഷ് മാധവൻ അവതരിപ്പിച്ച സുരേശൻ കാവുംതഴെ എന്ന കഥാപാത്രത്തിന്റെ തുടർച്ചയാണ് ഈ സിനിമയിലെ നായകൻ.
കുഞ്ചാക്കോ ബോബനും അതിഥിതാരമായി ചിത്രത്തിലെത്തിയിരുന്നു. നടന്റെ തിരക്ക് മൂലം ഈ സിനിമയിലേക്ക് സുനിലിനെ സജസ്റ്റ് ചെയ്തത് കുഞ്ചാക്കോ ബോബൻ തന്നെയാണെന്നാണ് പോസ്റ്റിൽ ഇദ്ദേഹം പറയുന്നത്. വളരെ ചെറുപ്പം തന്നെ മുതൽ മിമിക്രി ചെയ്യുന്ന സുനിൽ രാജ്, ശബ്ദം കൊണ്ടും ഭാവം കൊണ്ടും കുഞ്ചാക്കോ ബോബനുമായി നല്ല സാമ്യം പുലർത്തുന്ന വ്യക്തിയാണ്.