ചെയ്ത സിനിമകളെല്ലാം ഹിറ്റടിച്ച സംവിധായകനാണ് അറ്റ്ലീ. അറ്റ്ലിയുടെ ഏറ്റവും പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. അല്ലു അർജുൻ ആണ് നായകൻ. സിനിമയുടെ ഓരോ അപ്ഡേറ്റിനും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷൻ സന്ദർശിച്ച വിശേഷങ്ങൾ പങ്കുവെക്കുകയാണ് രൺവീർ സിംഗ്.
അണിയറയിൽ വലിയ ഒരു സംഭവം ഒരുങ്ങുന്നുണ്ടെന്നും ആരാധകരെ അതിശയിപ്പിക്കുമെന്നും പറഞ്ഞ രൺവീർ അറ്റ്ലീയെ 'കിംഗ് ഓഫ് മസാല' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ചിത്രത്തിന്റെ ചില ഭാഗങ്ങൾ താൻ കണ്ടെന്നും അത് അമ്പരപ്പിക്കുന്നതാണെന്ന് രൺവീർ സിങ് പറയുന്നു.
'അടുത്തിടെ ഞാൻ അറ്റ്ലീയുടെ പുതിയ സിനിമയുടെ സെറ്റ് സന്ദർശിച്ചിരുന്നു. എന്റെ ഭാര്യ സിനിമയിൽ അഭിനയിക്കുന്നുണ്ട്. അണിയറയിൽ വലിയ ഒരു സംഭവം തന്നെ ഒരുങ്ങുന്നുണ്ട്. സിനിമയുടെ ഞാൻ കണ്ട ഭാഗങ്ങൾ അതിശയിപ്പിക്കുന്നതാണ്. വലിയ വിജയം ഉണ്ടാകും. കിംഗ് ഓഫ് മസാല,' രൺവീർ സിംഗ് പറഞ്ഞു.
അതേസമയം, രൺവീർ സിംഗിനെ നായകനാക്കി അറ്റ്ലീ ഒരുക്കിയ 150 കോടി രൂപയുടെ പരസ്യം ബോളിവുഡിൽ ചർച്ചയാണ്. ഒരു സിനിമ എടുക്കാനുള്ള ബജറ്റിലാണ് പരസ്യം എടുത്തിരിക്കുന്നത്. വിക്കി കൗശാലിന്റെ ബ്രഹ്മാണ്ഡചിത്രം ഛാവയുടെ ബജറ്റ് പോലും 130 കോടി ആയിരുന്നു.