'ആരും നിങ്ങളെ നിർബന്ധിച്ച് സിനിമ കാണിച്ചില്ലല്ലോ'; അനിമൽ വിവാദങ്ങളിൽ രശ്‌മിക മന്ദാന
ഇപ്പോഴും വിവാദങ്ങൾ ഒഴിയാതെ സിനിമയ്ക്ക് പുറകിൽ തന്നെയുണ്ട്.
രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്‌ഡി വാങ്ക സംവിധാനം ചെയ്ത ആക്ഷൻ ചിത്രമായിരുന്നു അനിമൽ. രശ്‌മിക മന്ദാന ആയിരുന്നു നായിക. മികച്ച കളക്ഷൻ നേടിയ സിനിമയ്ക്ക് നേരെ കടുത്ത വിമർശനവും ഉയർന്നിരുന്നു. ആയിരം കോടിയ്ക്കടുത്തായിരുന്നു ചിത്രത്തിന്റെ കളക്ഷൻ. ഇപ്പോഴും വിവാദങ്ങൾ ഒഴിയാതെ സിനിമയ്ക്ക് പുറകിൽ തന്നെയുണ്ട്. ഉയർന്ന വിവാദങ്ങളിൽ മറുപടി നൽകുകയാണ് രശ്‌മിക.
സിനിമയെ സിനിമയായി മാത്രം കാണണം എന്ന പറയുകയാണ് രശ്‌മിക. ആരും നിർബന്ധിച്ച് അല്ല സിനിമ കാണിക്കുന്നതെന്നും രശ്‌മിക പറഞ്ഞു. മോജോ സ്റ്റോറിയിൽ ബർഖ ദത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. തങ്ങൾ സ്‌ക്രീനിൽ അഭിനയിക്കുകയാണെന്നും തങ്ങളുടെ യഥാർത്ഥ വ്യക്തിത്വം ഇതൊന്നുമല്ലെന്നും രശ്‌മിക പറയുന്നു.
'ഒരു സിനിമയെ ഒരു സിനിമയായി മാത്രം കാണണം. ആരും നിങ്ങളെ നിർബന്ധിച്ച് സിനിമ കാണിച്ചില്ലല്ലോ. നിങ്ങൾക്ക് ഇഷ്ടമുള്ള സിനിമകൾ തിരഞ്ഞെടുത്ത് കാണൂ. എല്ലാ സിനിമകളും ബ്ലോക്ബസ്റ്റർ ആകേണ്ട കാര്യമില്ല. നമ്മിൽ എല്ലാവരിലും ഒരു ഗ്രേ ഷേഡ് ഉണ്ട്. ഞങ്ങൾ ഒരിക്കലും പൂർണമായും വെള്ളയോ കറുപ്പോ അല്ല. സന്ദീപ് റെഡ്ഡി വംഗ അത്തരം ഒരു സങ്കീർണ്ണമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്, അത്രമാത്രം.
ആളുകൾ ഈ ചിത്രത്തെ ആഘോഷിച്ചു, അത് ബോക്സ് ഓഫീസിൽ വൻ വിജയമായി. അതിനാൽ, വിമർശനങ്ങൾ ഒരിക്കലും ശല്യമല്ല,' രശ്‌മിക പറഞ്ഞു. ഞങ്ങൾ സ്ക്രീനിൽ അഭിനയിക്കുകയാണ്, ഞങ്ങളുടെ യഥാർത്ഥ വ്യക്തിത്വം വേറെയാണ്. ഒരു നടനെ അവൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുത്. അതാണ് അഭിനയം' രശ്മിക കൂട്ടിച്ചേർത്തു.
അതേസമയം, രൺബീർ കപൂറിന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമായിരുന്നു അനിമൽ. നൂറ് കോടി ബഡ്ജറ്റിലൊരുങ്ങിയ ചിത്രം ഏകദേശം 915.53 കോടിയോളം രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ചിത്രത്തിൽ രൺബീറിനും രശ്‌മികയ്ക്കും പുറമെ, അനിൽ കപൂർ, ശക്തി കപൂർ, തൃപ്തി ഡിമ്രി, ബോബി ഡിയോൾ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.