ജീവിതത്തിൽ ആദ്യമായി വാടക വീട്ടിൽ കഴിയേണ്ടി വന്നിരിക്കുകയാണ്: രവി മോഹൻ
3ബിഎച്ച്കെ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ അതിഥിയായി എത്തിയ രവി മോഹൻ പറഞ്ഞ വാചകങ്ങളാണ് വെെറലാകുന്നത്.
വിവാഹമോചന വാർത്തകളുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് തമിഴ്‌നടൻ രവി മോഹൻ. ജയം രവിയിൽ നിന്നുമുള്ള പേരു മാറലും ഭാര്യയുമായുള്ള വേർപിരിയലുമെല്ലാം അദ്ദേഹത്തെ സോഷ്യൽ മീഡിയയിലെ സ്ഥിര ചർച്ചാ വിഷയമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ 3ബിഎച്ച്കെ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ അതിഥിയായി എത്തിയ രവി മോഹൻ പറഞ്ഞ വാചകങ്ങളാണ് വെെറലാകുന്നത്.
താൻ ഇതുവരെ വാടക വീട്ടിൽ കഴിഞ്ഞിട്ടില്ലായിരുന്നെന്നും എന്നാൽ നിലവിൽ വാടക വീട്ടിലാണ് താമസിക്കുന്നതെന്നും രവി മോഹൻ പറയുന്നു. ' ഞാൻ ഒരിക്കലും വാടക വീട്ടിൽ താമസിച്ചിട്ടില്ല. എന്റെ ജനനം മുതൽ ഞാൻ സ്വന്തം വീട്ടിലാണ് താമസിച്ചത്. എന്നാൽ ഇപ്പോള്‍ ഞാൻ വാടക വീട്ടിലാണ് താമസിക്കുന്നത്. അതിനാൽ തന്നെ ഈ ചിത്രത്തിലെ ഒരുപാട് രംഗങ്ങൾ റിലേറ്റിബിളായി തോന്നിയെന്നും നടൻ പറഞ്ഞു.
എന്റെ ജീവിത്തിൽ ഒരു ഇൻസ്പിറേഷാനാകാനും എന്റെ ജീവിതം തിരിച്ചുപിടിക്കാനും ഈ ചിത്രം സഹായിച്ചിട്ടുണ്ട്. സിനിമ കണ്ടപ്പോള്‍ ഞാൻ എന്റെ സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുന്നത് പോലെ തോന്നി,' രവി മോഹൻ പറഞ്ഞു.
അതേസമയം, സിദ്ധാർഥ് നായകനായെത്തുന്ന ചിത്രമാണ് 3 ബിഎച്ച്‌കെ. സിദ്ധാർഥിനൊപ്പം ശരത് കുമാർ, ദേവയാനി, മീഥ രഘുനാഥ്, ചെെത്ര, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീ ഗണേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിനേഷ് കൃഷ്ണൻ, ജിതിൻ സ്റ്റാനിസ്ലോസ് എന്നിവരാണ് കാമറ ചലിപ്പിക്കുന്നത്. പ്രശസ്ത ഗായിക ബോംബെ ജയശ്രീയുടെ മകനായ അമൃത് രാംനാഥാണ് മ്യൂസിക് ചെയ്തിരിക്കുന്നത്. ഗണേശ് ശിവയാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.