തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള നടിയാണ് റെജീന കസാന്‍ഡ്ര. നായികവേഷങ്ങള്‍ക്ക് പുറമെ വില്ലത്തി വേഷങ്ങളിലും റെജീന ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അഭിനയരംഗത്തെത്തി 20 വര്‍ഷമാകുമ്പോള്‍ ശക്തമായ ഒരു വേഷത്തിലൂടെ മലയാളസിനിമയിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. മുരളീഗോപിയുടെ തിരക്കഥയില്‍ ജി എന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന അനന്തന്‍ കാട് എന്ന സിനിമയിലൂടെയാണ് റെജീന കസാന്‍ഡ്ര മലയാളത്തിലെത്തുന്നത്.
മലയാളത്തിലെത്താന്‍ വൈകിയോ എന്ന ചോദ്യത്തിനോട് അങ്ങനെ തോന്നുന്നില്ലെന്നും എങ്കിലും മലയാള സിനിമയില്‍ അഭിനയിക്കാന്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു. സിനിമയില്‍ ഒരു ഗസ്റ്റ് അപ്പിയറന്‍സ് മാത്രമാണ് ചെയ്യുന്നതെന്നും റെജീന പറയുന്നു. ഭാഷയെ ഒരിക്കലും ഒരു വെല്ലുവിളിയായി കണ്ടിട്ടില്ല. എന്റെ രംഗങ്ങളില്‍ പ്രത്യേകിച്ച് സംഭാഷണങ്ങളൊന്നും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഡയലോഗ്ഗ് കോച്ചിങ് വേണ്ടിവന്നില്ല. അസിസ്റ്റന്റ് ഡയറക്ടര്‍ക്കൊപ്പം ഇരുന്ന് പഠിക്കുകയാണ് ചെയ്തത്.
മലയാള സിനിമകള്‍ ഒരുപാട് കാണാറുണ്ട്. ഇലവീഴാപൂഞ്ചിറ, കുമ്പളങ്ങി നൈറ്റ്‌സ്, ജോജി, സൂക്ഷ്മദര്‍ശിനി തുടങ്ങിയ സിനിമകളൊക്കെ ഇഷ്ടമാണ്. മലയാളമായാലും മറ്റേത് ഭാഷയായാലും സിനിമ കാണുമ്പോള്‍ ഇങ്ങനൊരു വേഷം ലഭിച്ചിരുന്നെങ്കില്‍ എന്ന് ചിന്തിക്കാറില്ല. എന്നാല്‍ നല്ല സിനിമയാണെങ്കില്‍ ഇതുപോലൊരു സിനിമ ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്. നായികയാകണമെന്ന് നിര്‍ബന്ധമില്ലെന്നും കഥാപാത്രത്തിന് എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അത്തരം വേഷങ്ങളില്‍ അഭിനയിക്കുമെന്നും റെജീന പറഞ്ഞു.