ബോളിവുഡ് നടനും ടെലിവിഷൻ അവതാരകനുമായ റിതേഷ് ദേശ്‌മുഖിനെതിരെ സമൂഹമാധ്യമങ്ങളിൽ വിദ്വേഷപ്രകടനം. ആഘോഷക്കാലത്ത് മധുരപലഹാരങ്ങളുടെ വിലയെ സംബന്ധിച്ച റിതേഷിന്റെ ട്വീറ്റ് പുറത്തുവന്നതിന് പിന്നാലെയാണ് വിമർശനം.
നിങ്ങൾക്ക് മുന്നറിയിപ്പ് തരാമെന്ന് വിചാരിക്കുന്നവെന്ന അടിക്കുറിപ്പോടെ മധുരപലഹാരങ്ങളുടെ വില പങ്കുവെച്ചുകൊണ്ടായിരുന്നു റിതേഷിന്റെ ട്വീറ്റ്. ഇതിന് പിന്നാലെയാണ് ക്രിസ്‌മസിന്റെയും ഈദിന്റെയും സമയത്ത് പ്രതികരിക്കാൻ താങ്കളുടെ നാവ് എവിടെപോയിരുന്നുവെന്ന് ചോദിച്ച് കമന്റുകളെത്തിയത്. ഹിന്ദു ഉത്സവങ്ങളോട് മാത്രമാണ് താരത്തിന്റെ അസഹിഷ്‌ണുതയെന്നും കമന്റുകളിൽ പറയുന്നു.
നേരത്തെ സിയറ്റ് ടയറിന്റെ പരസ്യത്തിൽ തെരുവിൽ പടക്കം പൊട്ടിക്കുന്നതിനെതിരെ ആമിർ ഖാൻ പരസ്യം ചെയ്‌തിരുന്നു. ഇതിനെതിരെ ആമിർഖാൻ ഹിന്ദു വിരോധിയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ഈ വിവാദം കെട്ടടങ്ങുന്നതിന് മുൻപാണ് സമൂഹമാധ്യമങ്ങളിൽ റിതേഷിനെതിരെ പ്രചാരണം നടക്കുന്നത്.