Select Your Language

Notifications

webdunia
webdunia
webdunia
webdunia

എട്ടുനിലയില്‍ പൊട്ടുമെന്ന് ഉറപ്പായതുകൊണ്ട് പൈസ വാങ്ങിയില്ല; സിനിമ വെളിപ്പെടുത്താതെ സായ്കുമാര്‍

ഞാന്‍ പറഞ്ഞു 'എട്ടു നിലയില്‍ പൊട്ടാനുള്ളതാണ്' എന്ന്. അപ്പോള്‍ അമ്പിളി ചേട്ടന്‍ 'പതിനൊന്നുനിലയില്‍' എന്നു ഇങ്ങോട്ട് പറഞ്ഞു

എട്ടുനിലയില്‍ പൊട്ടുമെന്ന് ഉറപ്പായതുകൊണ്ട് പൈസ വാങ്ങിയില്ല; സിനിമ വെളിപ്പെടുത്താതെ സായ്കുമാര്‍

കെ ആര്‍ അനൂപ്

, വ്യാഴം, 29 ഓഗസ്റ്റ് 2024 (08:58 IST)
ഡബ്ബിങ് സമയത്ത് തന്നെ സിനിമ എട്ടു നിലയില്‍ പൊട്ടുമെന്ന് മനസ്സിലാക്കി നിര്‍മ്മാതാവിന്റെ കൈയില്‍ നിന്ന് ലഭിക്കാനുള്ള ബാക്കി പൈസ വാങ്ങാതെ ജഗതിയും സായികുമാറും അഭിനയിച്ചൊരു സിനിമയുണ്ട്. ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിലെങ്കിലും അന്ന് നടന്ന കാര്യങ്ങള്‍ സായ്കുമാറിന്റെ മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം ആ നിര്‍മാതാവിനെ വീണ്ടും കണ്ടപ്പോള്‍ അദ്ദേഹം തന്റെ അടുത്ത് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് സായ്കുമാര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. 
 
'സിനിമയുടെ പേരെന്നും ഞാന്‍ പറയുന്നില്ല. ഞാനും അമ്പിളി ചേട്ടനും കൂടിയുള്ള ഒരു സിനിമയാണ്. തിരുവനന്തപുരം ചിത്രാഞ്ജലിയില്‍ വെച്ചാണ് അതിന്റെ ഡബ്ബിങ് നടക്കുന്നത്. എനിക്ക് കുറച്ചുകൂടെ എമൗണ്ട് അവര്‍ തരാനുണ്ട്. ഡബ്ബ് ചെയ്യുമ്പോള്‍ തന്നെ എനിക്ക് മനസ്സിലായി അത് എട്ടു നിലയില്‍ പൊട്ടാനുള്ള സിനിമയാണെന്ന്. ഞാന്‍ ചെന്നപ്പോള്‍ മുതല്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് എന്റെ അടുത്ത് വന്നിട്ട് 'ചേട്ടാ, ബാലന്‍സ് പൈസ ഇതാ' എന്ന് പറയുന്നുണ്ട്. ഞാന്‍ പറഞ്ഞു 'അത് കൈയില്‍ വയ്ക്ക്, ഞാന്‍ വാങ്ങിക്കോളാം. താഴെ ഒരു ചെട്ടിയാരുടെ വീടുണ്ട്. എനിക്ക് അവിടെ ഒന്ന് കയറാന്‍ ഉണ്ട്. തിരിച്ചുവരുമ്പോള്‍ ഞാന്‍ വാങ്ങിക്കാം' എന്ന് പറഞ്ഞു. ഞാന്‍ അങ്ങോട്ട് ഇറങ്ങുമ്പോള്‍ അമ്പിളി ചേട്ടന്‍ ഡബ്ബ് ചെയ്യാന്‍ ഇങ്ങോട്ട് വരുന്നുണ്ട്. അദ്ദേഹം എന്നെ കണ്ട പാടെ 'കഴിഞ്ഞോ എങ്ങനെയുണ്ട്' എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു 'എട്ടു നിലയില്‍ പൊട്ടാനുള്ളതാണ്' എന്ന്. അപ്പോള്‍ അമ്പിളി ചേട്ടന്‍ 'പതിനൊന്നുനിലയില്‍' എന്നു ഇങ്ങോട്ട് പറഞ്ഞു.
 
കുറച്ച് കാലം കഴിഞ്ഞ് ഒരാളുടെ കല്യാണസമയത്ത് ഞാന്‍ ആ നിര്‍മാതാവിനെ വീണ്ടും കണ്ടു. ചോദിക്കുന്നത് ശരിയല്ല, എന്നാലും ഞാന്‍ ചോദിച്ചു, എങ്ങനെയുണ്ടായിരുന്നു പടമെന്ന്. രണ്ടേകാല്‍ ലക്ഷം എനിക്ക് ലാഭം കിട്ടി ചേട്ടാ എന്ന് അയാള്‍ മറുപടി തന്നു. ഞാന്‍ അതെയോ എന്ന് ചോദിച്ചപ്പോള്‍, അയാള്‍ അതെ, ചേട്ടന്റെ ഒരു ലക്ഷവും അമ്പിളി ചേട്ടന്റെ ഒന്നേകാല്‍ ലക്ഷവും എന്ന് മറുപടി തന്നു. കാരണം ഞാനും അമ്പിളി ചേട്ടനും അതിന്റെ പൈസ വാങ്ങിച്ചില്ല. അങ്ങനെ ആ പടത്തിന് ആകെ കിട്ടിയ ലാഭം രണ്ടേകാല്‍ ലക്ഷം രൂപയാണ്',- സായികുമാര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ചു, നഗ്നനാക്കി പീഡിപ്പിച്ചു'; സംവിധായകന്‍ രഞ്ജിത്തിനെതിരെ യുവാവ്