Saif Ali Khan: 'ആശുപത്രിയിലേക്കു എത്ര സമയമെടുക്കും' ചോരയില്‍ കുളിച്ച സെയ്ഫ് ഭജന്‍ സിങ്ങിനോടു ചോദിച്ചു; ഓട്ടോക്കൂലി വാങ്ങിയില്ല
ബാന്ദ്രയിലെ വസതിക്കു മുന്നില്‍ നിന്നാണ് സെയ്ഫ് അലി ഖാന്‍ ഭജന്‍ സിങ്ങിന്റെ ഓട്ടോറിക്ഷയില്‍ കയറിയത്
Saif Ali Khan and Bhajan Singh
Saif Ali Khan: ഓട്ടോറിക്ഷയില്‍ കയറിയത് സെയ്ഫ് അലി ഖാന്‍ ആയിരുന്നെന്ന് ആദ്യം തനിക്കു മനസ്സിലായില്ലെന്ന് താരത്തെ ആശുപത്രിയില്‍ എത്തിച്ച ഓട്ടോ ഡ്രൈവര്‍ ഭജന്‍ സിങ്. ബാന്ദ്രയിലെ വീട്ടിലെ മോഷണ ശ്രമത്തിനിടെ അക്രമിയുടെ കുത്തേറ്റ സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചത് ഭജന്‍ സിങ് ആണ്. ചോരയില്‍ കുളിച്ചു നില്‍ക്കുന്ന ആളെ എങ്ങനെയെങ്കിലും ആശുപത്രിയില്‍ എത്തിക്കുക മാത്രമായിരുന്നു അപ്പോള്‍ തന്റെ ലക്ഷ്യമെന്ന് ഭജന്‍ സിങ് പറഞ്ഞു.
ബാന്ദ്രയിലെ വസതിക്കു മുന്നില്‍ നിന്നാണ് സെയ്ഫ് അലി ഖാന്‍ ഭജന്‍ സിങ്ങിന്റെ ഓട്ടോറിക്ഷയില്‍ കയറിയത്. വീട്ടിലെ ജോലിക്കാരനായ ഹരിയാണ് ഓട്ടോ വിളിച്ചത്. ഹരിക്കൊപ്പം സെയ്ഫിന്റെ മകന്‍ തൈമൂറും ഓട്ടോയില്‍ കയറി.
' ആശുപത്രിയിലേക്ക് എത്ര സമയമെടുക്കുമെന്ന് ഓട്ടോയില്‍ കയറിയ ശേഷം അദ്ദേഹം (സെയ്ഫ്) ചോദിച്ചു. രണ്ട് മിനിറ്റ് കൊണ്ട് എത്തുമെന്ന് ഞാന്‍ പറഞ്ഞു. രക്തത്തില്‍ കുളിച്ച ഒരു വെള്ള വസ്ത്രമാണ് അദ്ദേഹം ധരിച്ചിരുന്നത്. സിനിമാ താരമാണെന്നു എനിക്ക് മനസ്സിലായില്ല. വീട്ടിലെ ജോലിക്കാരനും മകനും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. അടിയന്തര ഘട്ടമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ മുഖത്ത് അല്‍പ്പം പോലും ഭയമില്ലായിരുന്നു,' ഭജന്‍ സിങ് പറഞ്ഞു.
' സാധിക്കാവുന്നിടത്തോളം വേഗത്തില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുക മാത്രമായിരുന്നു എന്റെ ലക്ഷ്യം. അതിനായി ഞാന്‍ പല ഊടുവഴികളിലൂടെയും വണ്ടി കൊണ്ടുപോയി. ആശുപത്രിയില്‍ എത്തിയ ശേഷമാണ് അറിയപ്പെടുന്ന ഒരു സിനിമാ താരമായിരുന്നു എന്റെ ഓട്ടോയില്‍ കയറിയതെന്ന് എനിക്ക് മനസ്സിലായത്. ഓട്ടോക്കൂലി വാങ്ങിക്കാന്‍ പോലും എനിക്ക് തോന്നിയില്ല. അദ്ദേഹത്തെ പോലെ ഒരാളെ അടിയന്തര ഘട്ടത്തില്‍ സഹായിക്കാന്‍ സാധിച്ചതാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ കൂലിയെന്ന് ഞാന്‍ മനസ്സിലാക്കുന്നു. വേദന കാരണം ഓട്ടോറിക്ഷയില്‍ കയറാന്‍ പോലും അദ്ദേഹത്തിനു ബുദ്ധിമുട്ടുണ്ടായിരുന്നു,' ഭജന്‍ സിങ് കൂട്ടിച്ചേര്‍ത്തു.
ഉത്തരാഖണ്ഡ് സ്വദേശിയായ ഭജന്‍ 20 വര്‍ഷമായി മുംബൈയില്‍ എത്തിയിട്ട്. ബാന്ദ്ര-ഖാര്‍ മേഖലയില്‍ രാത്രിയില്‍ ഓട്ടോറിക്ഷ ഓടിക്കലാണ് ഭജന്‍ സിങ്ങിന്റെ ജോലി.
അതേസമയം അക്രമിയുടെ കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന സെയ്ഫ് അലി ഖാന്‍ സുഖംപ്രാപിച്ചു വരുന്നു. തിങ്കളാഴ്ച അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് മുംബൈ ലീലാവതി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ ഉച്ചയോടെ സെയ്ഫിനെ ഐസിയുവില്‍ നിന്ന് മുറിയിലേക്കു മാറ്റി. അദ്ദേഹം അപകടനില തരണം ചെയ്തതായും ഡോക്ടര്‍മാര്‍ അറിയിച്ചു.