സെയ്ഫ് അലി ഖാനെതിരായ അക്രമണം: കരീന കപൂറിന്റെ മൊഴിയെടുത്തു
അക്രമിക്കായുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. കേസ് അന്വേഷിക്കാന്‍ 20 ലേറെ സംഘങ്ങളെ മുംബൈ പൊലീസ് വിന്യസിച്ചിട്ടുണ്ട്
ബോളുവുഡ് നടന്‍ സെയ്ഫ് അലി ഖാനു കുത്തേറ്റ സംഭവത്തില്‍ നടിയും സെയ്ഫിന്റെ ഭാര്യയുമായ കരീന കപൂറിന്റെ മൊഴിയെടുത്ത് പൊലീസ്. സംഭവം നടന്ന ബാന്ദ്രയിലെ വീട്ടിലെത്തിയാണ് പൊലീസ് കരീനയുടെ മൊഴിയെടുത്തത്. വീട്ടില്‍ നടന്ന സംഭവങ്ങള്‍ താരം പൊലീസിനോടു വിശദീകരിച്ചു. ഇതുവരെ 30 ലധികം പേരുടെ മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അക്രമിക്കായുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. കേസ് അന്വേഷിക്കാന്‍ 20 ലേറെ സംഘങ്ങളെ മുംബൈ പൊലീസ് വിന്യസിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിനു ശേഷം പ്രതി പുറത്തെത്തി വസ്ത്രം മാറിയതായും തുടര്‍ന്ന് ബാന്ദ്ര റെയില്‍വെ സ്റ്റേഷനില്‍ എത്തിയതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. നീല ഷര്‍ട്ട് ധരിച്ച് റെയില്‍വെ സ്റ്റേഷനിലേക്കു കയറിപ്പോകുന്ന അക്രമിയുടെ ചിത്രങ്ങളാണ് പൊലീസിനു ലഭിച്ചത്.
അതേസമയം അക്രമിയുടെ കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന സെയ്ഫ് അലി ഖാന്‍ സുഖംപ്രാപിച്ചു വരുന്നു. തിങ്കളാഴ്ച അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് മുംബൈ ലീലാവതി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ ഉച്ചയോടെ സെയ്ഫിനെ ഐസിയുവില്‍ നിന്ന് മുറിയിലേക്കു മാറ്റി. അദ്ദേഹം അപകടനില തരണം ചെയ്തതായും ഡോക്ടര്‍മാര്‍ അറിയിച്ചു.