സയ്യാര ജോഡികൾ ശരിക്കും പ്രണയത്തിലോ?, അനീതിനെ നായികയാക്കാൻ പറഞ്ഞത് അഹാനെന്ന് സംവിധായകൻ
പുതുമുഖങ്ങളായ അഹാന്‍ പാണ്ഡെയും അനീത് പദ്ദയുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അടുത്തിടെ ഇറങ്ങിയ ബോളിവുഡ് സിനിമകളില്‍ വലിയ വിജയമായി മാറിയ സിനിമയാണ് സയ്യാര. വലിയ താരനിരയില്ലാതെ വന്നിട്ടും പ്രണയം തിരശീലയില്‍ അവതരിപ്പിച്ച സിനിമ കാണാന്‍ യുവപ്രേക്ഷകര്‍ ഓടിയെത്തിയപ്പോള്‍ 2025ലെ ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റായി സിനിമ മാറി. പുതുമുഖങ്ങളായ അഹാന്‍ പാണ്ഡെയും അനീത് പദ്ദയുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിനിമയില്‍ ഇരുതാരങ്ങളും തമ്മിലുള്ള പൊരുത്തം പോലെ തന്നെ ഓഫ് സ്‌ക്രീനിലും ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളാണ് ബോളിവുഡില്‍ നിന്നും ഇപ്പോള്‍ ഉയരുന്നത്. സിനിമ പുറത്തിറങ്ങിയത് മുതല്‍ ഇരുതാരങ്ങളും ഡേറ്റിങ്ങിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയിലെ നായകനായ അഹാന്‍ പാണ്ഡെ പറഞ്ഞത് പ്രകാരമാണ് അനീതിനെ നായികയാക്കിയതെന്ന സംവിധായകന്റെ വെളിപ്പെടുത്തലാണ് പുറത്ത് വന്നിരിക്കുന്നത്.
സിനിമയില്‍ അനീതിനെ നായികയാക്കാന്‍ പറഞ്ഞത് അഹാനാണ് എന്നാണ് ഒരു അഭിമുഖത്തില്‍ സംവിധായകനായ മോഹിത് സൂരി വൂക്തമാക്കിയത്. അതേസമയം സമൂഹമാധ്യമങ്ങളില്‍ അഹനീത് എന്ന പേരില്‍ ഹാഷ്ടാഗുകളും ഫാന്‍ പേജുകളും സജീവമാണ്. സിനിമ അന്‍പതാം ദിവസം ആഘോഷിക്കുമ്പോള്‍ അഹാനും അനീതും പങ്കുവെച്ച പോസ്റ്റും ആരാധകര്‍ ചര്‍ച്ചയാക്കുന്നുണ്ട്.