ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ ഒരുക്കമല്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണെന്നും റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്നും മന്ത്രി പറഞ്ഞു.
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന നമ്മുടെ സഹോദരിമാർക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് വേണ്ടത്. കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടാൽ പുറത്തുവിടണമെന്ന് പറയുന്നവർ വേറെ കാര്യങ്ങൾ ഉദ്ദേശിച്ച് പറയുന്നതാണ്. ഗവൺമെന്റ് വെച്ച റിപ്പോർട്ട് പുറത്തുവിടണോ വേണ്ടയോ എന്ന് ഗവൺമെന്റ് തീരുമാനിക്കും. ആ റിപ്പോർട്ടിന്റെ ഉള്ളടക്കം സർക്കാർ അംഗീകരിച്ചു എന്നതാണ് പ്രധാനം. മന്ത്രി പറഞ്ഞു.
സിനിമാരംഗത്ത് നിന്ന് തുടർച്ചയായി പരാതികൾ വന്നുകൊണ്ടിരിക്കുന്നത് ആശങ്കജനകമാണ്. വനിതകളുടെ സുരക്ഷിതത്വബോധം ചോദ്യം ചെയ്യപ്പെടുന്ന സംഭവങ്ങൾ വന്നുകൊണ്ടിരിക്കുന്നു എന്നുള്ളത് ശരിയാണ്. അതുകൊണ്ട് നിലവിൽ ഒരു നിയമം ഉണ്ടെങ്കിലും കുറച്ചുകൂടി ശക്തമായ നിയമം ഇക്കാര്യത്തിൽ ഉണ്ടാകും മന്ത്രി പറഞ്ഞു.