ലിയോ എന്ന സിനിമയ്ക്ക് ശേഷം വിജയ്-തൃഷ ബന്ധം മറ്റൊരു തരത്തിലായിരുന്നു പ്രചരിച്ചത്. കീർത്തി സുരേഷിന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ചെത്തിയത് ഗോസിപ്പുകൾക്ക് ആക്കം കൂട്ടി. വിജയ്‌യുടെ പിറന്നാളിന് തൃഷയുടെ ആശംസാ പോസ്റ്റ്, രാഷ്ട്രീയ പ്രഖ്യാപന വേദിയിൽ ഭാര്യ സംഗീതയുടെ അസാന്നിധ്യം, പൊതുവേദികളിൽ കുടുംബത്തിന്റെ സാന്നിധ്യമില്ലായ്മ എല്ലാം വിജയ്-തൃഷ ബന്ധത്തിലേക്കായിരുന്നു വിരൽ ചൂണ്ടിയത്.
വിജയ്‍യും തൃഷയും ഒരുമിച്ചാണ് താമസമെന്ന ഗോസിപ്പിനിടെയാണ് വിജയ് ഭാര്യ സംഗീതയുമായി വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങളും പരന്നത്. ഒന്നരവർഷത്തിലധികമായി ദമ്പതികൾ അകന്നാണ് കഴിയുന്നതെന്നും സംഗീത തന്റെ മാതാപിതാക്കൾക്കൊപ്പം ലണ്ടനിലാണ് താമസമെന്നും പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ വിജയ്-സംഗീത ജോഡിയുടെ ആരാധകർക്ക് ആശ്വാസമാവുകയാണ് നടന്റെ സുഹൃത്തിന്റെ അഭിമുഖം.
വിജയ്‌യുടെ അടുത്ത സുഹൃത്തും നടനുമായ സഞ്ജീവ് വെങ്കട്ട് നടന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ വീഡിയോ ഡിവോഴ്സ് അഭ്യൂഹങ്ങൾക്ക് അറുതി വരുത്തുകയാണ്. സമയൽ എക്‌സ്‌പ്രസ് സീസൺ 2ൽ പ്രത്യക്ഷപ്പെട്ട സഞ്ജീവും ഭാര്യയും ടെലിവിഷൻ നടിയുമായ പ്രീതിയും വിജയ്‌യുടെ വീട്ടിൽ പതിവായി സന്ദർശനം നടത്തിയിരുന്നതിനെക്കുറിച്ച് സംസാരിക്കുകയും നടന്റെ കുടുംബ ജീവിതത്തെ കുറിച്ച് പങ്കിടുകയും ചെയ്തു.
'വിജയിയുടെ വീട്ടിൽ നിന്നാണ് ഞങ്ങൾ പലപ്പോഴും ഭക്ഷണം കഴിക്കാറ്. അവിടെ പോയാൽ എപ്പോഴും വൈവിധ്യമാർന്ന ഭക്ഷണമായിരിക്കും. വിജയ് പാചകം ചെയ്യാറില്ല. പക്ഷെ അദ്ദേഹത്തിന്റെ ഭാര്യ സംഗീത ഒരു മികച്ച പാചകക്കാരിയാണ്. വിജയിയുടെ പ്രിയപ്പെട്ട വിഭവം മട്ടൺ ബിരിയാണിയാണ്', അദ്ദേഹം പറഞ്ഞു.
അവരുടെ പതിവ് സന്ദർശനങ്ങളെക്കുറിച്ചും വീട്ടിലെ സംഗീതയുടെ ഇടപെടലുകളെക്കുറിച്ചുമുള്ള സഞ്ജീവിന്റെയും ഭാര്യയുടേയും പരാമർശങ്ങൾ വിവാഹമോചന ഊഹാപോഹങ്ങളെ തള്ളികളഞ്ഞു. സജ്ജീവ് വെങ്കട്ടിന്റെ അഭിമുഖം ആരാധകർക്ക് ആശ്വാസമായിരിക്കുകയാണ്. 1999ൽ ആയിരുന്നു വിജയിയും സംഗീതയും തമ്മിലുള്ള വിവാഹം. ദമ്പതികൾക്ക് ജെയ്സൺ സഞ്ജയ്, ദിവ്യ സാഷ എന്നീ രണ്ട് കുട്ടികളുണ്ട്. ഇരുവരും വിദേശത്താണ് പഠിക്കുന്നത്.