മലയാളികള്‍ക്ക് എന്നും മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കോമ്പിനേഷന്‍ എന്നത് വളരെ സ്‌പെഷ്യലായ ഒന്നാണ്. മോഹന്‍ലാല്‍, ജയറാം എന്നിവര്‍ക്കൊപ്പമാണ് കരിയറിലെ അധികം സിനിമകളും ചെയ്തിട്ടുള്ളതെങ്കിലും സത്യന്‍ അന്തിക്കാട്- മമ്മൂട്ടി കോമ്പിനേഷനിലെ സിനിമകളും പ്രേക്ഷകര്‍ ഏറ്റെടുത്തവയാണ്. ഇതില്‍ തന്നെ എസ് എന്‍ സ്വാമി തിരക്കഥയെഴുതി മമ്മൂട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ കളിക്കളം എന്ന സിനിമയ്ക്ക് ആരാധകര്‍ ഏറെയാണ്.
സത്യന്‍ അന്തിക്കാടിന്റെ സ്ഥിരം ശൈലിയില്‍ നിന്നും മാറിയുള്ള സിനിമയായിരുന്നു കളിക്കളം. ഇതിലെ മമ്മൂട്ടിയുടെ പേരില്ല കള്ളന്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥാപാത്രമായിരുന്നു. ഇപ്പോഴിതാ കളിക്കളത്തിന് രണ്ടാം ഭാഗമുണ്ടാകാനുള്ള സാധ്യതയെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് സത്യന്‍ അന്തിക്കാട്.കളിക്കളത്തിലെ കള്ളനെ തിരിച്ചുകൊണ്ടുവരുന്നതിനെ പറ്റി മമ്മൂട്ടിയുമായി സംസാരിച്ചിരുന്നുവെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കളിക്കളത്തിന്റെ രണ്ടാം ഭാഗത്തെ പറ്റി ആലോചനകളുണ്ട്. മമ്മൂട്ടിയോട് ഇക്കാര്യം പറഞ്ഞിരുന്നു. വേണമെങ്കില്‍ കുറച്ച് പ്രായമായ രൂപത്തില്‍ ആയാലും കുഴപ്പമില്ല. ആ കഥാപാത്രത്തിന് പ്രായത്തിനനുസരിച്ച് മാറ്റമുണ്ടാകുന്നതില്‍ പ്രശ്‌നമില്ല. ഒരു സരസമായ ആലോചനയാണിത്. ചിലപ്പോള്‍ ആ സിനിമ സംഭവിച്ചേക്കാം. സത്യന്‍ അന്തിക്കാട് പറഞ്ഞു.