Seema Vineeth: 'എന്റെ വീട്ടിൽ സമ്മതമായിരുന്നില്ല, എതിർത്തു, പക്ഷെ...': സീമ വിനീതുമായുള്ള വിവാഹത്തെക്കുറിച്ച് നിശാന്ത്
ഭർത്താവിന്റെ വീട്ടിൽ താൻ വളരെയധികം സന്തോഷവതിയാണെന്നും സീമ വിനീത് പറഞ്ഞു
ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളാണ് സീമ വിനീത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ സീമ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. നിശാന്ത് ആണ് വരൻ. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് യൂട്യൂബ് വീഡിയോയിലൂടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സീമ.
തന്റെ ജീവിതത്തിലെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട നിമിഷം ആയാണ് വിവാഹം കഴിച്ച മുഹൂർത്തത്തെ തോന്നിയതെന്നും സീമ പറയുന്നു. ഭർത്താവിന്റെ വീട്ടിൽ താൻ വളരെയധികം സന്തോഷവതിയാണെന്നും സീമ വിനീത് പറഞ്ഞു. ഭർത്താവ് നിശാന്തും വീഡിയോയിൽ ഒപ്പം ഉണ്ടായിരുന്നു. ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ലെന്നായിരുന്നു നിശാന്ത് വീഡിയോയിൽ പറഞ്ഞത്.
'സീമ ട്രാൻസ്‍വുമൺ ആണെന്ന് അറിയാമായിരുന്നു. പിന്നെ ഇഷ്ടമല്ലേ. അത് ആരോടും തോന്നാമല്ലോ. വിവാഹക്കാര്യം ആദ്യം വീട്ടുകാരോട് പറഞ്ഞപ്പോൾ എതിർപ്പുണ്ടായിരുന്നു. എന്റെ വേണ്ടപ്പെട്ടവരോടാണ് ആദ്യം പറഞ്ഞത്. അവർ ആദ്യം സ്വാഭാവികമായും എതിർത്തു. പിന്നെ എന്റെ അഭിപ്രായവും ഇഷ്ടവും നോക്കി. അവർ എന്റെ ഇഷ്ടങ്ങൾക്ക് വാല്യു തരുന്നവരാണ്. ആദ്യം എതിർത്തവരും പിന്നീട് അനുകൂലിച്ചു.'', നിശാന്ത് പറഞ്ഞു.
ഭർത്താവിന്റെ വീട്ടിൽ താൻ ഏറെ സന്തോഷവതിയാണെന്നും സീമ പറയുന്നു. ''വേറൊരു വീട്ടിലേക്ക് ചെന്ന് കയറുമ്പോൾ അവർ നമ്മളോട് എങ്ങനെയാണ് സംസാരിക്കുക എന്നെല്ലാം ആദ്യം വിചാരിച്ചിരുന്നു. ചിലപ്പോൾ അവർ നിന്നെ തുറിച്ച് നോക്കുമായിരിക്കും എന്നെല്ലാം എന്റെ സുഹൃത്തുക്കളിൽ ചിലർ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ അങ്ങനെയൊന്നും ഉണ്ടായില്ല. എല്ലാവരും എന്നോട് നന്നായിട്ടാണ് പെരുമാറുന്നത്. ഭർത്താവിന്റെ വീട്ടിലും എന്റെ വീട്ടിലുമായിട്ടായിരിക്കും ഇനി നിൽക്കുക'', സീമ പറഞ്ഞു.