Vinayakan: അന്തരിച്ച നേതാക്കളെ അപകീർത്തിപ്പെടുത്തി; നടൻ വിനായകന് എതിരെ വീണ്ടും പരാതി
യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ശ്യാം ദേവദാസാണ് പരാതിക്കാരൻ.
പാലക്കാട്: നടൻ വിനായകനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്. മഹാത്മാഗാന്ധി, ഉമ്മൻചാണ്ടി, വിഎസ് അച്യുതാനന്ദൻ ഉൾപ്പെടെ മരണപ്പെട്ട നേതാക്കളെ സമൂഹമാധ്യമങ്ങളിലൂടെ അപകീ൪ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ശ്യാം ദേവദാസാണ് പരാതിക്കാരൻ. ഡിജിപിക്കാണ് പരാതി നൽകിയത്. രാഷ്ട്രപിതാവ്, മുൻ പ്രധാനമന്ത്രിമാർ, മുൻ മുഖ്യമന്ത്രിമാർ എന്നിവരെ അപകീർത്തിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം അന്തരിച്ച രാഷ്ട്രീയ നേതാക്കളെ അധിക്ഷേപിച്ച് കൊണ്ടുള്ള പോസ്റ്റ് വിനായകന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇത് വൻ വിവാദമാവുകയായിരുന്നു. വിഎസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ജോർജ് ഈഡൻ എന്നിവര്‍ക്കെതിരെ ആയിരുന്നു പോസ്റ്റ്.
വിനായകന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ വിനായകനെതിരെ വിഷയത്തില്‍ ആദ്യ പരാതിയുടെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത് എത്തിയത്. എറണാകുളം ജില്ലാ പ്രസിഡണ്ട് സിജോ ജോസഫ് ആയിരുന്നു പരാതി നല്‍കിയത്. ഡിജിപിക്കും എറണാകുളം നോർത്ത് പൊലീസിനുമായിരുന്നു ഇദ്ദേഹം പരാതി നല്‍കിയത്. അന്തരിച്ച നേതാക്കളെ ഫേസ്ബുക്ക് കുറിപ്പിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.