Shah Rukh Khan: 'വയസായില്ലേ, വിരമിച്ചൂടേ?'; ഷാരൂഖിനെ പരിഹസിക്കാന്‍ വന്നവന് ഇതിലും മികച്ച മറുപടി ഇല്ല!
വിശ്രമത്തിനിടെ കഴിഞ്ഞ ദിവസം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഷാരൂഖ് ഖാനെത്തി.
ദേശീയ അവാര്‍ഡ് നേട്ടത്തിന്റെ ആവേശത്തിലാണ് ഷാരൂഖ് ഖാന്‍. കരിയറിലെ ആദ്യത്തെ ദേശീയ പുരസ്‌കാരമാണ് ജവാനിലൂടെ ഷാരൂഖ് ഖാനെ തേടിയെത്തിയിരിക്കുന്നത്. തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റ ഷാരൂഖ് ഖാന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. വിശ്രമത്തിനിടെ കഴിഞ്ഞ ദിവസം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഷാരൂഖ് ഖാനെത്തി.
രസകമരമായ നിമിഷങ്ങള്‍ക്കാണ് ഇത് വഴിയൊരുക്കിയത്. ആരാധകരുടെ പല ചോദ്യങ്ങള്‍ക്കും ഷാരൂഖ് ഖാന്‍ മറുപടി നല്‍കുന്നുണ്ട്. നിങ്ങളുടെ ഷോള്‍ഡര്‍ ഇപ്പോള്‍ എങ്ങനെയുണ്ടെന്നാണ് ഒരാള്‍ ചോദിച്ചത്. 'സ്റ്റാര്‍ഡമിന്റെ ഭാരം കാര്യക്ഷമമായി തന്നെ താങ്ങുന്നുണ്ട്. സുഖപ്പെട്ടുവരികയാണ് സുഹൃത്തേ, ചോദിച്ചതിന് നന്ദി' എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി.
എപ്പോഴാണ് പുതിയ സിനിമയായ കിങ് റിലീസ് ചെയ്യുക എന്ന് ചോദിച്ചയാളോട് ഷാരൂഖ് ഖാന്‍ പറഞ്ഞത് 'കുറച്ച് ഷൂട്ട് ചെയ്തു. ഉടനെ വീണ്ടും ഷൂട്ട് ആരംഭിക്കും. ലെഗ് ഷോട്ട്‌സ് മാത്രം, പിന്നെ അപ്പര്‍ ബോഡിയിലേക്ക് മാറും. ദൈവാനുഗ്രഹത്താല്‍ വേഗം തീരും. സിദ്ധാര്‍ത്ഥ് തീര്‍ക്കാനായി കഷ്ടപ്പെടുന്നുണ്ട്' എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി.
ഇതിനിടെ ഒരാള്‍ ഷാരൂഖ് ഖാനെ കളിയാക്കാനും ശ്രമിച്ചു. പതിവ് പോലെ പരിഹാസത്തിന്റെ മുനയൊടിച്ച് വിടുന്നുണ്ട് ഷാരൂഖ് ഖാന്‍. 'വയസായില്ലേ ഇനിയെങ്കിലും വിരമിക്കൂ. പുതിയ കുട്ടികള്‍ മുന്നോട്ട് വരട്ടെ' എന്നായിരുന്നു ഒരാളുടെ പരിഹാസം. പിന്നാലെ ഷാരൂഖ് ഖാന്‍ മറുപടിയുമായി എത്തി.
''സഹോദരാ, നിന്റെ ചോദ്യങ്ങളിലെ കുട്ടിത്തം അവസാനിച്ച ശേഷം കാര്യമുള്ള എന്തെങ്കിലും ചോദ്യവുമായി വരൂ. അതുവരെ താല്‍ക്കാലികമായി വിരമിച്ചേക്കൂ'' എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി.