Shah Rukh Khan: ഷൂട്ടിങ്ങിനിടെ ഷാരൂഖ് ഖാന് പരുക്ക്; ഒരു മാസം വിശ്രമം; 'കിങ്' ചിത്രീകരണം നിർത്തിവച്ചു
ഷാരൂഖ് ഖാനെ ചികിത്സയ്ക്കായി യുഎസിലേക്ക് കൊണ്ടുപോയി
സിനിമ ഷൂട്ടിങ്ങിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരുക്ക്. പുതിയ ചിത്രം കിങിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. ഷാരൂഖ് ഖാനും മകൾ സുഹാന ഖാനും ഒരുമിക്കുന്ന ചിത്രമാണ് കിങ്. മുംബൈയിലെ സ്റ്റുഡിയോയിൽ വച്ച് ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരുക്കേൽക്കുന്നത്. പിന്നാലെ ഷാരൂഖ് ഖാനെ ചികിത്സയ്ക്കായി യുഎസിലേക്ക് കൊണ്ടു പോയി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ പരുക്ക് ഗുരുതരമല്ല. മസിൽ ഇഞ്ചുറിയാണ് നേരിടേണ്ടി വന്നത്. ഡോക്ടർമാർ ഷാരൂഖ് ഖാന് ഒരു മാസത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് അറിയാൻ സാധിച്ചത്. ഇതോടെ സിനിമയുടെ ചിത്രീകരണം നിർത്തി വച്ചിരിക്കുകയാണ്. ഷാരൂഖ് ഖാൻ തിരികെ സെറ്റിലെത്തുക സെപ്തംബറിന് ശേഷമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. അപകടമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ പുറത്ത് വരുന്നതേയുള്ളൂ.
ഷാരൂഖും മകളും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് കിങ്. നേരത്തെ ആർച്ചീസ് എന്ന നെറ്റ്ഫ്‌ളിക്‌സ് ഷോയിലൂടെയാണ് സുഹാന അരങ്ങേറിയത്. ദീപിക പദുക്കോൺ, റാണി മുഖർജി, അഭിഷേക് ബച്ചൻ, ജയ്ദീപ് അഹ്ലാവത്, അനിൽ കപൂർ, അർഷദ് വാർസി, ജാക്കി ഷ്രോഫ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിദ്ധാർത്ഥ് ആനന്ദ് ആണ് സിനിമയുടെ സംവിധാനം. പഠാന് ശേഷം ഷാരൂഖും സിദ്ധാർത്ഥും ഒരുമിക്കുന്ന ചിത്രം കൂടിയാണ് കിങ്.