Shane Nigam: 'ഞാൻ ഭയങ്കര ഇമോഷണൽ ആണ്, സെൻസിറ്റീവും': ഷെയ്ൻ നിഗം പറയുന്നു
താനൊരു സിനിമാ നടൻ ആകണമെന്ന് വാപ്പച്ചി (അബി) ആഗ്രഹിച്ചിട്ടുണ്ടാകാമെന്ന് പറയുകയാണ് ഷെയ്ൻ ഇപ്പോൾ.
ബാലതാരമായി സിനിമയിലെത്തിയ ഷെയ്ൻ ഇന്ന് തിരക്കുള്ള യുവതാരങ്ങളിൽ ഒരാളാണ്. പറവ, കുമ്പളങ്ങി നൈറ്റ്സ്, ആർഡിഎക്സ് തുടങ്ങി നിരവധി ചിത്രങ്ങളിലെ നടന്റെ പെർഫോമൻസ് ഏറെ ശ്രദ്ധ നേടിയിരുന്നു. താനൊരു സിനിമാ നടൻ ആകണമെന്ന് വാപ്പച്ചി (അബി) ആഗ്രഹിച്ചിട്ടുണ്ടാകാമെന്ന് പറയുകയാണ് ഷെയ്ൻ ഇപ്പോൾ.
ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷെയ്ൻ. സ്റ്റേജിലെ വാപ്പച്ചിയെ കണ്ട് താൻ അത്ഭുതപ്പെട്ടിട്ടുണ്ടെന്നും അഞ്ച് മിനിറ്റു കൊണ്ട് ഈ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ അദ്ദേഹത്തിന് എങ്ങനെയാണ് കഴിയുതെന്ന് താൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്നും ഷെയ്ൻ പറയുന്നു.
'ഭയങ്കര ബ്രില്യന്റ് ആണ്. വാപ്പച്ചി 30-45 മിനിറ്റൊക്കെയുള്ള വൺ മാൻ ഷോ അവതരിപ്പിക്കുമായിരുന്നു. മിക്ക കണ്ടന്റുകളും സ്പോട്ട്- ഇംപ്രവൈസ് ചെയ്‌തതാണ് അവതരിപ്പിക്കുന്നത്. പ്ലാൻ ചെയ്ത് ചെയ്യുന്നതൊന്നും ഞാനിതുവരെ കണ്ടിട്ടില്ല. റിയൽ ഇമോഷൻ ആളുകളിലേക്ക് എത്തിക്കാൻ പറ്റിയാൽ നല്ലതായിരിക്കുമെന്ന് വാപ്പച്ചി എപ്പോഴും പറയാറുണ്ട്. ഞാനൊരു സിനിമാ നടൻ ആകണമെന്ന് വാപ്പച്ചിക്ക് ആഗ്രഹമുണ്ടായിട്ടുണ്ടാകും, പക്ഷേ എന്നോട് ഇതുവരെ പറഞ്ഞിട്ടില്ല.
പറവ ആണ് വാപ്പച്ചി എന്റെ അവസാനം കണ്ട സിനിമ. തിയറ്ററിൽ ആളുകൾ എന്നെ കണ്ട് കൈയടിച്ചപ്പോൾ വാപ്പച്ചിയ്ക്ക് ഭയങ്കര സന്തോഷമായിരുന്നു. ഞാൻ ഭയങ്കര ഇമോഷണൽ ആണ്. ഞാനെന്തെങ്കിലും ചെയ്യുകയാണെങ്കിൽ എന്റെ മാക്സിമം ഞാൻ അതിനായി നൽകും. സ്വാഭാവികമായും, ചില പ്രശ്നങ്ങൾ അതിൽ വരും. ഞാൻ വളരെ സെൻസിറ്റീവ് ആണ്', ഷെയ്ൻ കൂട്ടിച്ചേർത്തു.