മലയാളി സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നായികയായിരുന്നു ശാന്തികൃഷ്ണ. മലയാളത്തില്‍ തിരക്കുള്ള നായികയായി തിളങ്ങിയ ശാന്തികൃഷ്ണ നടനായ ശ്രീനാഥിനെയാണ് വിവാഹം ചെയ്തത്. എന്നാല്‍ ഈ ബന്ധം വിവാഹമോചനത്തില്‍ അവസാനിച്ചിരുന്നു. ജീവിതത്തില്‍ 2 തവണ വിവാഹിതയായിട്ടുണ്ടെന്നും ഇപ്പോള്‍ നോക്കുമ്പോള്‍ അത് വേണ്ടിയിരുന്നില്ല എന്ന തോന്നലുണ്ടെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. ഗലാട്ട പിങ്ക് എന്ന തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ വ്യക്തിജീവിതത്തെ പറ്റി താരം തുറന്ന് പറഞ്ഞത്.
1984ല്‍ അന്ന് 19 വയസില്‍ നില്‍ക്കെയാണ് ആദ്യം വിവാഹിതയായത്. ഇതിനെ തുടര്‍ന്ന് അപ്രതീക്ഷിതമായി സിനിമ വിടേണ്ടതായി വന്നു. 1991ല്‍ മമ്മൂട്ടി സിനിമയിലൂടെ വീണ്ടും തിരിച്ചെത്തി. 12 വര്‍ഷങ്ങള്‍ നീണ്ട് നിന്ന വിവാഹബന്ധം അവസാനിപ്പിക്കേണ്ടതായി വന്നു. ഒടുവില്‍ പിന്നെയും വിവാഹിതയായി യുഎസിലേക്ക് പോയി. 2 കുട്ടികളുടെ അമ്മയായി. വീണ്ടും വിവാഹമോചനം സംഭവിച്ചു. ഇക്കാലത്തെല്ലാം താങ്ങായി നിന്നത് സിനിമയാണ്.
യുഎസില്‍ ആയിരുന്നപ്പോഴും അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ മുഴുവന്‍ സമയം വീട്ടമ്മയാകാനായിരുന്നു തീരുമാനം. കുട്ടികളുടെ പഠനവും മറ്റുമായി തിരക്കുകളില്‍ ആയിപ്പോയി. സിനിമ അഭിനേത്രി ആയിരുന്ന കാര്യം പോലും ഞാന്‍ മറന്നുപോയ അവസ്ഥയിലായിരുന്നു. എന്നാല്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന സിനിമയിലൂടെ തിരിച്ചെത്താനായി. ജീവിതത്തിന്റെ പലഘട്ടങ്ങളിലും സിനിമ അത്തരത്തില്‍ സഹായിച്ചിട്ടുണ്ട്.
19 വയസില്‍ വിവാഹം കഴിക്കേണ്ട പ്രായമായിരുന്നില്ല. ആ സമയത്ത് പ്രണയത്തെ പറ്റിയും വിവാഹത്തെ പറ്റിയുമുള്ള കാല്പനിക ചിന്തകള്‍ ഏറെയുള്ള പ്രായമാണ്. ആ സമയത്ത് വീട്ടുകാര്‍ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാല്‍ ഞാന്‍ വാശിയില്‍ ഉറച്ച് നിന്നു. ചിലര്‍ അനുഭവം കൊണ്ടല്ലെ പഠിക്കു. എന്റെ ഇരുപതുകള്‍ അങ്ങനെ നഷ്ടപ്പെടുത്തി. 30കളില്‍ വീണ്ടും വിവാഹിതയായി. അതും വേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നു. അതിലൂടെ എനിക്ക് 2 മക്കളെ കിട്ടി എന്നത് മാത്രം ഭാഗ്യമായി കരുതുന്നു. ആ രീതിയില്‍ സന്തോഷമുണ്ട്. എന്റെ ഇരുപതുകളും മുപ്പതുകളും നാല്‍പ്പതുകളും 2 വിവാഹബന്ധങ്ങളിലൂടെ കടന്നുപോയി. ഒന്ന് 12 വര്‍ഷവും മറ്റൊന്ന് 18 വര്‍ഷവും നീണ്ടു നിന്നു. ഈ കാലങ്ങളിലെല്ലാം സിനിമയാണ് തുണയായത്.ശാന്തികൃഷ്ണ പറയുന്നു.