സ്‌നേഹനിധിയായ മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിമര്‍ശനങ്ങളെ പക്വതയോടെ പ്രതിരോധിച്ചു: നടി ഷീല
ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചത് മലയാള സിനിമയിലെ ചരിത്ര സംഭവമാണ്
Pinarayi Vijayan and Sheela
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി നടി ഷീല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉണ്ടായെങ്കിലും ഒരു പടയാളിയെ പോലെ പക്വതയോടെ പ്രതിരോധിച്ചു നില്‍ക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് ഷീല പറഞ്ഞു. രാജ്യാന്തര ഫിലിം പ്രിസര്‍വേഷന്‍ ആന്‍ഡ് റിസ്റ്റോറേഷന്‍ ശില്പശാലയുടെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ഷീല.
ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചത് മലയാള സിനിമയിലെ ചരിത്ര സംഭവമാണ്. ഹേമ കമ്മിറ്റി കൊണ്ടുവരാന്‍ മുന്‍കൈയെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചലച്ചിത്ര മേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കും. സ്‌നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യമാണെന്നും ഷീല പറഞ്ഞു.
കേരളം മുത്തു പതിപ്പിച്ച കിരീടവുമായാണ് പിണറായി വിജയനെ ഭരണത്തിലേറ്റിയത്. അത് യഥാര്‍ഥത്തില്‍ മുള്‍ക്കിരീടമാണെന്ന് മുഖ്യമന്ത്രിക്കു മാത്രമേ അറിയൂവെന്നും ഷീല കൂട്ടിച്ചേര്‍ത്തു. നേരത്തെയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ച് ഷീല രംഗത്തെത്തിയിരുന്നു.