Vidya Balan: ചക്രം ഉപേക്ഷിച്ചെന്ന് പറഞ്ഞത് മോഹന്‍ലാല്‍; അതോടെ ഞാന്‍ ഭാഗ്യം കെട്ടവളായി: വിദ്യ ബാലന്‍
വിദ്യയുടെ ആദ്യ സിനിമയാകേണ്ടിയിരുന്ന ചിത്രമാണ് ചക്രം.
ബോളിവുഡിലെ സൂപ്പര്‍ താരമാണ് വിദ്യ ബാലന്‍. പ്രതീക്ഷയോടെയാണ് ഓരോ നടിമാരും സിനിമയിലേക്കെത്തുന്നത്. കമ്മിറ്റ് ചെയ്ത 9 സിനിമകളും ഒരേസമയം നഷ്ടപ്പെട്ട അവസ്ഥ വിദ്യ ബാലന് ഉണ്ടായിട്ടുണ്ട്. വിദ്യയുടെ ആദ്യ സിനിമയാകേണ്ടിയിരുന്ന ചിത്രമാണ് ചക്രം. പിന്നീട് പൃഥ്വിരാജും മീര ജാസ്മിനും ചെയ്ത വേഷങ്ങളിലേക്ക് ആദ്യം പരിഗണിച്ചത് മോഹന്‍ലാലിനേയും വിദ്യ ബാലനേയുമായിരുന്നു.
ചിത്രീകരണം തുടങ്ങിയ ശേഷമാണ് ഈ ചിത്രം നിന്നു പോകുന്നത്. അത് തന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ വലിയൊരു തിരിച്ചടിയായിരുന്നു എന്നാണ് വിദ്യ ബാലന്‍ പറയുന്നത്. ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ ബാലന്‍ മനസ് തുറന്നത്. കമലും മോഹൻലാലും തമ്മിലുണ്ടായ ചില അപ്രശ്നത്തെ തുടർന്നാണ് ആ സിനിമ നടക്കാതെ പോയത്.
'ഞാന്‍ മോഹന്‍ലാല്‍ സാറിനും ദിലീപിനുമൊപ്പം ചക്രം ചെയ്യുകയായിരുന്നു. കമല്‍ സാര്‍ ആണ് സംവിധാനം. കമല്‍ ഹാസനല്ല. ഞങ്ങള്‍ ഒരു ഷെഡ്യൂളും പൂര്‍ത്തിയാക്കി. പത്ത് ദിവസത്തിന് ശേഷം കമല്‍ സാറും ലാല്‍ സാറും തമ്മില്‍ എന്തോ പ്രശ്‌നമുണ്ടായി. ഷൂട്ട് നിര്‍ത്തിവച്ചു. ഞങ്ങള്‍ തിരിച്ചു വീട്ടിലേക്ക് പോന്നു. വീണ്ടും തുടങ്ങുമെന്നായിരുന്നു പ്രതീക്ഷ.
സെപ്തംബറില്‍ ലാന്റ് ലൈനിലേക്ക് ഒരു കോള്‍ വന്നു. മോഹന്‍ലാല്‍ സാര്‍ തന്റെ നാടക കര്‍ണഭാരത്തിലേക്ക് ക്ഷണിച്ചു. അപ്പോഴാണ് അദ്ദേഹം ഞങ്ങളോട് ചക്രം ഉപേക്ഷിച്ചതായി പറയുന്നത്. ഞങ്ങള്‍ക്ക് യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. മെയ്ക്കും സെപ്തംബറിനും ഇടയില്‍ ഞാന്‍ നിരവധി സിനിമകളുടെ കരാറില്‍ ഒപ്പിട്ടിരുന്നു. പക്ഷെ ചക്രം നിന്നുപോയെന്ന വാര്‍ത്ത പ്രചരിച്ചതോടെ എനിക്ക് വന്ന സിനിമകളില്‍ നിന്നെല്ലാം എന്നെ ഒഴിവാക്കി. എട്ടോ ഒമ്പതോ ഉണ്ടായിരുന്നു മൊത്തം.
ആ സമയത്ത് ഞാന്‍ തമിഴിലും ഒരു സിനിമ ഏറ്റിരുന്നു. സെറ്റിലെത്തിയപ്പോള്‍ തമാശ രംഗങ്ങളും മറ്റും ശരിയല്ലെന്ന് തോന്നി. വല്ലാതെ അസ്വസ്ഥത തോന്നി. അതോടെ ഞാന്‍ ഇറങ്ങിപ്പോന്നു. അവര്‍ എനിക്ക് വക്കീല്‍ നോട്ടീസ് അയച്ചു. എനിക്ക് 22 വയസേയുള്ളൂ. എന്താണ് അതിന്റെ അര്‍ത്ഥം എന്ന് പോലും അറിയില്ലായിരുന്നു. ഞങ്ങള്‍ മറുപടി നല്‍കുകയും മുന്നോട്ട് പോവുകയും ചെയ്തു. പക്ഷെ അത് പ്രയാസകരമായൊരു വേക്കപ്പ് കോള്‍ ആയിരുന്നു എന്നും വിദ്യ ബാലന്‍ ഓര്‍ക്കുന്നുണ്ട്.