Shwetha Menon: കേസ് ഗൂഢാലോചനയുടെ ഭാഗം; എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ശ്വേത മേനോൻ ഹൈക്കോടതിയിൽ
വ്യാഴാഴ്ച രാവിലെയാണ് നടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
Shwetha Menon: നടി ശ്വേത മോനോനെതിരായ പരാതി പുറത്തുവന്നതോടെ നിയമനടപടി സ്വീകരിച്ച് നടി. കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. വ്യാഴാഴ്ച രാവിലെയാണ് നടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
നിയമപരമായി തന്നെ താൻ മുന്നോട്ട് പോകുമെന്ന് ശ്വേത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അമ്മയിലെ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഈ പരാതിയും കേസും ഗൂഢാലോചനയുടെ ഭാഗമാണെന്നും ശ്വേത ഹർജിയിൽ പറയുന്നു.
കേസിന് പിന്നിൽ അമ്മയ്ക്കുള്ളിൽ നിന്ന് തന്നെ ആരെങ്കിലും ഉണ്ടോ എന്നത് പോലും സംശയിക്കുന്നു. എറണാകുളം സിജെഎം കോടതിയാണ് ഇന്നലെ ശ്വേതയ്ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. തുടർന്ന് ഐടി നിയമത്തിലെ 67 (എ), അനാശാസ്യ പ്രവർത്തന നിരോധന നിയമത്തിലെ 5, 3 വകുപ്പുകൾ പ്രകാരവും നടിക്കെതിരെ എറണാകുളം സെൻട്രൽ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇത് റദ്ദാക്കണമെന്നാണ് ശ്വേതയുടെ ആവശ്യം.
പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്. ശ്വേത മേനോന്‍ അഭിനയിച്ച മലയാള ചിത്രങ്ങളും ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരന്‍ കേസിനായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ശ്വേത മേനോന്‍ അഭിനയിച്ച ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി അതിലൊക്കെ അശ്ലീല രംഗങ്ങളാണെന്നാണ് മാര്‍ട്ടിന്‍ മേനാച്ചേരി പരാതി നല്‍കിയത്.