Shine Tom Chacko Arrest: തന്ത്രപൂര്‍വ്വം പൂട്ടിട്ട് പൊലീസ്; ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റിലേക്ക് നയിച്ചത് ഇക്കാരണങ്ങള്‍
എന്തിനാണ് ഹോട്ടലില്‍ നിന്ന് ഇറങ്ങിയ ഓടിയതെന്നാണ് പൊലീസ് ഷൈന്‍ ടോം ചാക്കോയോടു ആദ്യം ചോദിച്ചത്
Shine Tom Chacko Arrest: ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ പൂട്ടാന്‍ തന്ത്രപൂര്‍വ്വമാണ് പൊലീസ് നീക്കങ്ങള്‍ നടത്തിയത്. ഹോട്ടല്‍ പരിശോധനയ്ക്കിടെ മുറിയില്‍ നിന്ന് ഇറങ്ങി ഓടിയതിനെ കുറിച്ച് ചോദിക്കാനാണ് ഷൈന്‍ ടോം ചാക്കോയെ പൊലീസ് വിളിച്ചുവരുത്തിയത്. എന്നാല്‍ ഷൈന്‍ ലഹരി ഇടപാടില്‍ പങ്കാളിയാണെന്ന് പൊലീസിനു അതിനു മുന്‍പേ വിവരം ലഭിച്ചിരുന്നു.
എന്തിനാണ് ഹോട്ടലില്‍ നിന്ന് ഇറങ്ങിയ ഓടിയതെന്നാണ് പൊലീസ് ഷൈന്‍ ടോം ചാക്കോയോടു ആദ്യം ചോദിച്ചത്. തന്നെ ആരോ ആക്രമിക്കാന്‍ വരുന്നെന്ന് കരുതിയാണ് ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതെന്ന് ഷൈന്‍ പറഞ്ഞു. പൊലീസാണ് എത്തിയതെന്ന് അറിഞ്ഞിരുന്നില്ലെന്നും ഷൈന്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. എന്നാല്‍ പൊലീസിന്റെ അടുത്ത ചോദ്യങ്ങളില്‍ നടന്‍ പൂര്‍ണമായി പ്രതിരോധത്തിലായി.
ലഹരി ഇടപാടുകാരന്‍ സജീറിനെ തേടിയാണ് ഡാന്‍സാഫ് സംഘം അന്ന് ഹോട്ടലില്‍ എത്തിയത്. ഹോട്ടല്‍ രജിസ്റ്റര്‍ നോക്കിയപ്പോഴാണ് നടന്‍ ഷൈന്‍ ടോം ചാക്കോ അവിടെയുള്ള വിവരം ഡാന്‍സാഫ് സംഘത്തിനു ലഭിച്ചത്. സജീറുമായി എന്താണ് ബന്ധമെന്ന് ചോദിച്ചതോടെ ഷൈന്‍ ഉത്തരമില്ലാതെ നിശബ്ദനായി. നടന്റെ ഫോണ്‍ പരിശോധിച്ചതോടെ ലഹരി ഇടപാടുകാരുമായുള്ള ബന്ധം വെളിവായി. ലഹരി ഇടപാട് നടത്തുന്നവരുമായി ഷൈന്‍ പണമിടപാട് നടത്തിയതായി സൂചനയുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഷൈന്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങിയ ഓടിയ ദിവസം മാത്രം സജീറുമായി 20,000 രൂപയുടെ സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ട്. ലഹരി ഉപയോഗം സമ്മതിച്ചതിനെ തുടര്‍ന്ന് താരത്തിനെതിരെ സെക്ഷന്‍ 27 ചുമത്തി. സംഘം ചേര്‍ന്ന് ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് സമ്മതിച്ചതിനു പിന്നാലെ ലഹരി ഉപയോഗത്തിനു പ്രേരിപ്പിക്കുന്നതിനു ചുമത്തുന്ന സെക്ഷന്‍ 29 പ്രകാരവും കേസെടുത്തു. താരത്തെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നത് എന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ നടന്‍ കൂടുതല്‍ വെട്ടിലാകും.