'എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ്'; ഷൈന്‍ ടോം ചാക്കോ, ബഹുമാനമെന്ന് വിന്‍സി
ഷൈന്‍ ടോം ചാക്കോയും വിന്‍സി അലോഷ്യസും പ്രധാന വേഷങ്ങളില്‍ എത്തുന്ന 'സൂത്രവാക്യം' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിലാണ് ഷൈന്‍ പരസ്യമായി മാപ്പ് പറഞ്ഞത്
Shine Tom Chacko and Vincy Aloshious
സിനിമ സെറ്റില്‍വെച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി വിന്‍സി അലോഷ്യസ് വെളിപ്പെടുത്തിയത് സിനിമ മേഖലയില്‍ വലിയ ചര്‍ച്ചയായിരുന്നു. സ്ത്രീകളോടു മോശമായ രീതിയില്‍ സംസാരിക്കുകയും കമന്റുകള്‍ പറയുകയും ചെയ്തിരുന്നതായി വിന്‍സി ആരോപിച്ചിരുന്നു. തന്റെ അത്തരം പെരുമാറ്റം കാരണം ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായി ഷൈന്‍ പറഞ്ഞു.
ഷൈന്‍ ടോം ചാക്കോയും വിന്‍സി അലോഷ്യസും പ്രധാന വേഷങ്ങളില്‍ എത്തുന്ന 'സൂത്രവാക്യം' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിലാണ് ഷൈന്‍ പരസ്യമായി മാപ്പ് പറഞ്ഞത്. വിന്‍സി തൊട്ടടുത്ത് ഇരിക്കെയാണ് ഷൈന്‍ ഈ വിഷയത്തെ കുറിച്ച് സംസാരിച്ചത്.
' ആ സമയത്ത് പറയുന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്നതായിരിക്കില്ല. പലപ്പോഴും എനിക്ക് മനസിലായിരുന്നില്ല. അങ്ങനെ എന്റെ ഭാഗത്തുനിന്ന് ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ സോറി,' ഷൈന്‍ പറഞ്ഞു. എന്നാല്‍ വ്യക്തിപരമായി മാത്രം പറയേണ്ട കാര്യമാണെന്നും മാധ്യമങ്ങളുടെ മുന്നില്‍ ഇങ്ങനെ പറയേണ്ട കാര്യമല്ലെന്നും വിന്‍സി ഷൈനിനെ പിന്തുണച്ചുകൊണ്ട് മറുപടി നല്‍കി.
സ്വന്തം വീഴ്ചകള്‍ അഡമിറ്റ് ചെയ്യുന്നുണ്ട്. ആ മാറ്റത്തില്‍ ഷൈനിനോടു വലിയ ബഹുമാനമുണ്ടെന്നും വിന്‍സി പറഞ്ഞു. മാറ്റം നമ്മളില്‍ ആണ്. ക്ലിയര്‍ ചെയ്തു മുന്നോട്ടു പോകാന്‍ അവസരമുണ്ട്. മാറ്റത്തിനുള്ള അവസരം ഉപയോഗിക്കുകയാണ് വേണ്ടതെന്നും ഷൈന്‍ പറഞ്ഞു.
അതേസമയം ഈ വിഷയങ്ങളില്‍ ഷൈന്‍ ടോം ചാക്കോയുടെ കുടുംബവും ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. അതില്‍ തനിക്കു കുറ്റബോധമുണ്ടെന്ന് വിന്‍സി പറഞ്ഞു. എന്നാല്‍ അതില്‍ പ്രശ്‌നമൊന്നും ഇല്ലെന്നും വീട്ടുകാര്‍ക്ക് കാര്യം പറഞ്ഞാല്‍ മനസിലാകുമെന്നും ആയിരുന്നു ഷൈനിന്റെ മറുപടി.