പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥയില്‍ അഭിനയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് നടൻ ഉണ്ണി മുകുന്ദന്‍. മോദിയെ താന്‍ ആദ്യം കാണുന്നത് അഹമ്മദാബാദില്‍ വച്ച് തന്റെ കുട്ടിക്കാലത്താണ്. അന്ന് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രിയായ അദ്ദേഹത്തെ വീണ്ടും കണ്ടു. ഇന്ന് അദ്ദേഹത്തെ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
''വരാനിരിക്കുന്ന ചിത്രമായ മാ വന്ദേയില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നേരന്ദ്രമോദി ജിയെ അവതരിപ്പിക്കുന്നുവെന്നത് വിനയത്തോടെ പങ്കുവെക്കുന്നു. ക്രാന്തികുമാര്‍ സിഎച്ച് സംവിധാനവും സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സ് നിര്‍മാണവും നിര്‍വഹിക്കുന്നു'' എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.
അഹമ്മദാബാദില്‍ വളര്‍ന്ന ഞാന്‍ ആദ്യമായി അദ്ദേഹത്തെ കാണുന്നത് എന്റെ കുട്ടിക്കാലത്താണ്. അന്ന് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം 2023 ല്‍ അദ്ദേഹത്തെ നേരില്‍ കാണാന്‍ സാധിച്ചു. എന്നില്‍ മായാത്തൊരു അടയാളപ്പെടുത്തലായി അത് മാറിയെന്നും താരം പറയുന്നു.
നിരവധി പേരാണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. ചിത്രത്തിനും ഉണ്ണി മുകുന്ദനും ആശംസകള്‍ നേര്‍ന്ന് നിരവധി പേര്‍ എത്തിയിട്ടുണ്ട്. അതേസമയം മോദിയുടെ ജീവിതകഥയില്‍ അഭിനയിക്കുന്നതിന്റെ പേരില്‍ ഉണ്ണി മുകുന്ദനെ വിമര്‍ശിക്കുന്നവരുമുണ്ട്.
'സമാജം സ്റ്റാര്‍ ഫീല്‍ഡ് ഔട്ട് ആയി. ഇനി ഇത് പോലെത്തെ സംഘി പടം ചെയ്തു നടക്കാം. ഇതൊക്കെ ആര് കാണാന്‍. ഗുജറാത്ത് കലാപം റിയല്‍ ആയി കാണിക്കുമ്പോള്‍ എമ്പുരാന്‍ പോലെ സങ്കികള്‍ തന്നെ കരഞ്ഞാളും, ഒരു നാഷണല്‍ അവാര്‍ഡ് മണക്കുന്നുണ്ടല്ലോ, നല്ല ആക്ഷന്‍ പടങ്ങള്‍ ചെയ്തു പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ആവേണ്ട മൊതല ഇങ്ങനെ ഓരോന്ന് ചെയ്ത് അത് തൊലക്കുന്നേ, പണിയൊന്നും ഇല്ലാതായപ്പോള്‍ പ്രൊപ്പഗാണ്ടയുമായി ഇറങ്ങിയതാണ്, മികച്ച അഭിനേതാവിനുള്ള 2026ലെ ദേശീയ പുരസ്‌കാരം നേടിയ പ്രിയപ്പെട്ട ഉണ്ണിചേട്ടന് ആശംസകള്‍. മികച്ച മൂവിയും കഥയും, സംവിധാനവുമെല്ലാം മാ വന്ദേ ആയിരിക്കും എന്നതില്‍ സംശയമേയില്ല! എല്ലാ ചാണകങ്ങള്‍ക്കും, മാതാവായ പശുവിന്റെ പേരില്‍ നേരത്തെ തന്നെ അഭിനന്ദനങ്ങള്‍ നേരുന്നു' എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍.