കാലങ്ങളായി സിനിമാസ്വദകർക്കിടയിൽ നിലനിൽക്കുന്നൊരു ചർച്ചാ വിഷയമാണ് കലാഭവൻ മണിയ്‌ക്കൊപ്പം അഭിനയിക്കാൻ ദിവ്യ ഉണ്ണി വിസമ്മതിച്ചുവെന്നത്. വർഷങ്ങൾ ഒരുപാട് പിന്നിട്ടുവെങ്കിലും ഇന്നും ഇതിന്റെ പേരിൽ ദിവ്യ ഉണ്ണി ക്രൂശിക്കപ്പെടുന്നുണ്ട്. ഏത് സമയത്ത് അഭിമുഖം നൽകിയാലും അതിലെല്ലാം ദിവ്യ ഉണ്ണി നേരിടുന്നൊരു ചോദ്യമായിരുന്നു ഇത്.
കല്യാണ സൗഗന്ധികത്തിലെ പാട്ടു രംഗവും, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയും ദിവ്യ ഉണ്ണി ചെയ്യാൻ തയ്യാറായില്ലെന്നായിരുന്നു ഗോസിപ്പ് കോളങ്ങളെഴുതിയത്. മണിയുടെ നിറമായിരുന്നു നടിയുടെ പ്രശ്നമെന്നും റിപ്പോർട്ടുകൾ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം, ഈ രണ്ട് സിനിമകളുടേയും സംവിധായകനായ വിനയൻ ദിവ്യ ഉണ്ണി മണിയെ നിറത്തിന്റെ പേരിൽ അവഹേളിച്ചിട്ടില്ലെന് തുറന്നു പറഞ്ഞു.
കലാഭവൻ മണിയെ അവഹേളിച്ചത് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലാണ് എന്നും ആ സിനിമയിലാണ് പ്രശസ്തയായ ഒരു നടി അങ്ങനെ പറഞ്ഞതെന്നും വിനയൻ ചൂണ്ടിക്കാട്ടി. ആ നായിക നടിയുടെ പേര് ഞാനിതുവരെ വെളിപ്പെടുത്തിയിട്ടുമില്ല എന്നദ്ദേഹം പറഞ്ഞു.
വിനയന്റെ വെളിപ്പെടുത്തലിന് പിന്നാലെ, കടുത്ത വിമർശനമാണ് ഉയരുന്നത്. ഇക്കാലമത്രെയും വിനയൻ നൽകിയ ഒരു സ്റ്റേറ്റ്മെന്റിന്റെ അടിസ്ഥാനത്തിൽ യാതൊരു തെറ്റും ചെയ്യാത്ത കാര്യത്തിന് ദിവ്യ ഉണ്ണി വിമർശനങ്ങളും പരിഹാസങ്ങളും സൈബർ ആക്രമണങ്ങളും ഏറ്റുവാങ്ങി. ഒരിക്കൽ പോലും ദിവ്യ ഉണ്ണി വിശദീകരണം നൽകാൻ പോയിട്ടില്ല. ദിവ്യ ഉണ്ണിക്ക് നേരെ സൈബർ ആക്രമണം നടന്നപ്പോൾ എല്ലാം അറിയാമായിരുന്ന വിനയൻ എന്തുകൊണ്ട് മൗനം പാലിച്ചു എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.