മമ്മൂട്ടി നോ പറഞ്ഞിട്ടും ദിവ്യ ഉണ്ണിയെ നായികയാക്കി ലാൽ ജോസ്; വർഷങ്ങൾക്ക് ശേഷം ദിവ്യ ഉണ്ണിയുടെ മറുപടി
ദിവ്യ ഉണ്ണിയെ ആയിരുന്നു ലാൽ ജോസ് നായികയായി പരിഗണിച്ചിരുന്നത്.
മമ്മൂട്ടിയെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത സിനിമയായിരുന്നു ഒരു മറവത്തൂർ കനവ്. ശ്രീനിവാസന്റേതായിരുന്നു തിരക്കഥ. ലാൽ ജോസ് എന്ന സംവിധായകൻ പിറവിയെടുക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. സിനിമ ഷൂട്ട് ചെയ്യുന്നതിന് മുൻപ് ഒരുപാട് ചർച്ചകൾ നടന്നിരുന്നു. ദിവ്യ ഉണ്ണിയെ ആയിരുന്നു ലാൽ ജോസ് നായികയായി പരിഗണിച്ചിരുന്നത്. എന്നാൽ, മമ്മൂട്ടി വേണ്ടെന്ന് വാശി പിടിച്ചു. ലാൽ ജോസ് സമ്മതിച്ചില്ല. ഒടുവിൽ ദിവ്യ തന്നെയായിരുന്നു ചിത്രത്തിൽ നായിക ആയത്.
ലാൽ ജോസ് തന്നെയാണ് ഇക്കാര്യം അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞത്. ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി ഇപ്പോൾ. ഒരു മറവത്തൂർ കനവ് എന്ന സിനിമയിൽ ദിവ്യ ഉണ്ണിയെ നായികയാക്കിയതിനോട് മമ്മൂട്ടിക്ക് എതിർപ്പുണ്ടായിരുന്നുവെന്ന വൈറൽ വീഡിയോ അടുത്തിടെയാണ് താൻ കാണുന്നതെന്നും അങ്ങനെ ഒരു സംഭവം നടന്നുവെന്ന് താൻ അറിയുന്നതും അപ്പോഴാണെന്ന് ദിവ്യ പറയുന്നു.
'അത്തരത്തിൽ ഒരു സംഭവം ഉണ്ടായി എന്ന് തന്നെ ഞാൻ ഇപ്പോഴാണ് അറിയുന്നത്. അടുത്തിടെ വന്ന ചില വീഡിയോകളും ഷോർട്സിലുമൊക്കെയാണ് അങ്ങനെയൊക്കെ സംഭവം ഉണ്ടായിട്ടുണ്ടെന്ന മട്ടിലൊക്കെ കേട്ടത്. ഇനി അത്തരത്തിലൊരു ചർച്ച നടന്നിട്ടുണ്ടെങ്കിൽ തന്നെ അതൊക്കെ പിന്നാമ്പുറത്ത് നടന്നതാകും, ഞാനിതൊന്നും അറിഞ്ഞിട്ടില്ല', ദിവ്യ ഉണ്ണി പറഞ്ഞു.