കരിയറിൽ തന്റേതായ തിരക്കിലാണ് നയൻതാര. മാർക്കറ്റ് കൂടിയാലും കുറഞ്ഞാലും സെറ്റിലും നിർമാതാക്കളുടെ അടുത്തും നയൻതാര ഉന്നയിക്കുന്ന നിബന്ധനകൾക്ക് ഒരിക്കലും കുറവ് വന്നിട്ടില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നയൻതാരയുടെ ഡിമാന്റുകൾ സിനിമാ ലോകത്ത് ചർച്ചയാകുന്നുണ്ട്.
സെറ്റിൽ തന്റെ രണ്ട് മക്കളെയും ഇവരുടെ ആയമാരെയും നയൻതാര കൊണ്ട് വരുന്നെന്നും ഇവരുടെ താമസ സൗകര്യമുൾപ്പെടെയുള്ള ചെലവുകൾ നിർമാതാവ് വഹിക്കേണ്ട സാഹചര്യമാണെന്നും സംസാരമുണ്ട്. മക്കളെയും കൊണ്ട് സെറ്റിലെത്തുന്ന നയൻതാരയുടെ ദൃശ്യങ്ങൾ ഇതിനിടെ പുറത്ത് വന്നു. റിപ്പോർട്ടുകൾ പ്രചരിച്ചതോടെ നയൻതാരയ്ക്ക് നേരെ വ്യാപക വിമർശനം വന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടൻ ലൊല്ലു സഭ ജീവ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
അവരുടെ തന്നെ പ്രൊഡക്ഷനിലുള്ള സെറ്റിലേക്കാണോ മക്കളെ കൊണ്ട് വരുന്നതെന്ന് അറിയില്ല. അത് അറിയാതെ നമ്മൾ എന്തിന് സംസാരിക്കണം എന്നദ്ദേഹം ചോദിക്കുന്നു. വരുന്ന വരുമാനം വെച്ച് നോക്കുമ്പോൾ രണ്ട് കുഞ്ഞുങ്ങൾ രണ്ട് ഇഡ്ഡലി അധികം കഴിക്കുന്നതാണോ പ്രശ്നം എന്ന അദ്ദേഹത്തിന്റെ ചോദ്യം സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചയ്ക്ക് വഴി തെളിച്ചു.
'ഇപ്പോൾ അവർ ഇൻഡസ്ട്രിയിൽ ഒന്നും ചെയ്യുന്നില്ലെങ്കിൽ പറയാം. അവർ പ്രൊഡക്ഷനിലുണ്ട്. ഒരുപാട് സിനിമകൾ നിർമ്മിക്കുന്നു. കുട്ടികളുടേതെല്ലാം ചെറിയ ചെലവല്ലേ. വരുന്ന വരുമാനം വെച്ച് നോക്കുമ്പോൾ രണ്ട് കുഞ്ഞുങ്ങൾ രണ്ട് ഇഡ്ഡലി അധികം കഴിക്കുന്നതാണോ പ്രശ്നം. അഭിനേതാക്കളുടെ കയ്യിലായി സിനിമാ ലോകമെന്ന് എല്ലാവരും പറയുന്നു.
അതിന് കാരണം പണ്ട് എവിഎം, വിജയവാഹിനി തുടങ്ങി വലിയ നിർമാതാക്കൾ നടത്തുന്ന പ്രൊഡക്ഷൻ കമ്പനികളാണ്. അവർ ആകെ പണം ഇൻവെസ്റ്റ് ചെയ്യും. അവരുടെ നിയന്ത്രണത്തിലായിരുന്നു സിനിമ. ഇപ്പോൾ ഒരു ഹീറോയുടെ ഡേറ്റുണ്ടെങ്കിൽ ഫിനാൻഷ്യറെ ലഭിക്കും. അപ്പോൾ തന്നെ ഹീറോയുടെ വാല്യൂ കൂടുന്നു. അവരുടെ ഡേറ്റില്ലെങ്കിൽ ഫിനാൻസ് ലഭിക്കില്ല. ഇപ്പോൾ പ്രൊഡ്യൂസർ എന്നതിലുപരി ഓർഗനെെസർ ആയിരിക്കുന്നു. ഇതാണ് വ്യത്യാസം. ആരും ബഹുമാനിക്കാത്തതല്ല' എന്നും ലൊല്ലു സഭ ജീവ പറഞ്ഞു.